ഗണേശോത്സവ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കു നേരെ കല്ലേറ്. മണ്ട്യയില്‍ സംഘര്‍ഷം. ആറ് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മണ്ട്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സെപ്തംബര്‍ 14 വരെ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഘോഷയാത്ര കടന്നു പോകുന്നതിനിടയില്‍ നാഗമംഗലം എന്ന സ്ഥലത്തു വച്ചാണ് ഏതാനും സാമൂഹ്യ ദ്രോഹികള്‍ കല്ലെറിഞ്ഞത്. ഇതോടെ ബഹളവും സംഘര്‍ഷവും ഉടലെടുത്തു. ആറു കടകള്‍ക്കു തീയിട്ടതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഐ.ജി, എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 53 പേരെ പൊലീസ് അറസ്റ്റു ചെയ്തു.