പാലക്കാട്: ഒടുവില്‍ ഓണത്തിരക്കില്‍ ആശ്വാസമായി ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഒരു മാസത്തിലധികമായി ഉന്നയിക്കുന്ന ആവശ്യമാണ് ഓണാഘോഷം തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പേ റെയില്‍വേ അനുവദിച്ചത്. ചെന്നൈ-മംഗളൂരു (06161) ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.10-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8.30-ന് മംഗളൂരുവിലെത്തും. മംഗളൂരുവില്‍നിന്ന് ഞായറാഴ്ച വൈകീട്ട് 6.45-ന് തിരിക്കുന്ന ട്രെയിന്‍(06162) പിറ്റേന്ന് രാവിലെ 11.13-ന് ചെന്നൈയിലെത്തും. ഒരു ഫസ്റ്റ് ക്ലാസ്, രണ്ട് എ.സി. ടു ടിയര്‍ കോച്ചുകള്‍, 12 സ്ലീപ്പര്‍ കോച്ചുകള്‍, മൂന്ന് ജനറല്‍ കോച്ചുകള്‍, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ എന്നിവയുമുണ്ട്. ആര്‍ക്കോണം, കാട്പാടി, ജോലാര്‍പ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, നീലേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.