കൊച്ചി; സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യപ്രതി ഡല്‍ഹിയില്‍ അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ പ്രിന്‍സ് എന്നയാളെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഫെബ്രുവരി മാസത്തില്‍ കൊച്ചി സ്വദേശിയുടെ 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. പ്രമുഖ വിമാന കമ്പനിയുമായി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുസംഘം യുവാവിനെ സമീപിച്ചത്. വെര്‍ച്വല്‍ അറസ്റ്റിലാണെന്നും നടപടിയില്‍ നിന്നു ഒഴിവാകാന്‍ 29 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. പിന്നീടാണ് താന്‍ തട്ടിപ്പിനു ഇരയായതാണെന്ന കാര്യം യുവാവിനു മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സിനെ അറസ്റ്റു ചെയ്തത്. പിടിയിലായ ദിവസം മാത്രം പ്രിന്‍സിന്റെ അക്കൗണ്ടിലൂടെ നാലര കോടിയുടെ ഇടപാടുകളാണ് നടന്നതെന്നു അന്വേഷണത്തില്‍ കണ്ടെത്തി. പ്രിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം സമാനമായ രീതിയില്‍ കേരളത്തില്‍ കൂടുതല്‍ പേരില്‍ നിന്നു പണം തട്ടിയെടുത്തുവെന്ന സംശയത്തിലാണ് പൊലീസ്.