പാറുവിന്റെ തൊഴിലും എന്റെ ചാരിതാര്‍ത്ഥ്യവും

 

ഒരു കാലത്ത് കരിവെള്ളൂരിലെ പലിയേരിക്കൊവ്വല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ ലീഗ് കളിച്ച വിശാലമായ മൈതാനമായിരുന്നു. പലിയേരിക്കൊവ്വല്‍ ആകെ മാറി. ജില്ലാ നേഴ്‌സിംഗ് ഓഫീസറായി വിരമിച്ച പലിയേരിക്കൊവ്വലിലെ പി.പാറു സപ്തംബര്‍ 2ന് മരണമടയുകയുണ്ടായി. കരിവെള്ളൂരിലെ പലിയേരിക്കൊവ്വലില്‍ ദരിദ്ര ചുറ്റുപാടിലാണ് പാറു ജീവിച്ചു വന്നത്. പട്ടിക ജാതിയില്‍ എസ്.എസ്.എല്‍.എസി പാസായവര്‍ വിരളമായിരുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി ജയിച്ച് ഇനിയെന്ത് എന്ന ചിന്തയോടെ പാറു നടക്കുന്ന കാലം. അക്കാലത്ത് വളരെ വിജനമായ പലിയേരിക്കൊവ്വലില്‍ പത്രം പോലും വരാറില്ല. ഗതാഗത സൗകര്യമില്ല. ഞാന്‍ അക്കാലത്ത് കരിവെള്ളൂര്‍ നോര്‍ത്ത് സ്‌കൂളില്‍ അധ്യാപകനായിരുന്നു. സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും പലിയേരി കൊവ്വലിലൂടെയായിരുന്നു. അവിടെയാണ് പാറുവിന്റെ വീട്. പലപ്പോഴും വഴിയില്‍ വെച്ച് കാണും. നഴ്‌സിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടു. അക്കാര്യം പാറുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപേക്ഷാ ഫോറം വാങ്ങാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. ഫോറവുമായി പാറു വഴിയില്‍ നില്‍പ്പുണ്ടായിരുന്നു. അത് വാങ്ങി ഫോറം ഞാന്‍ പൂരിപ്പിച്ചു കൊടുത്തു. അഡ്രസ് എഴുതി പോസ്റ്റ് ചെയ്യാന്‍ പാറുവിന്റെ കയ്യില്‍ കൊടുത്തു. ഒരു മാസം കഴിഞ്ഞു കാണും. ഇന്റര്‍വ്യൂ കഴിഞ്ഞു. പരിശീലനത്തിന് കോട്ടയം മെഡിക്കല്‍ കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്. പാറു അവിടെ പരിശീലനം നേടിക്കൊണ്ടിരിക്കയായിരുന്നു.
കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘത്തിന്റെ സമുന്നത നേതാവും എം.എല്‍.എ.യുമായിരുന്ന എ.വി കുഞ്ഞമ്പുവിന് കോട്ടയത്ത് വച്ച് ഒരു ആക്‌സിഡന്റ് സംഭവിച്ചു. മെഡിക്കല്‍ കോളേജിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. നഴ്‌സിംഗ് പരിശീലകയായ പാറു വിവരം അറിഞ്ഞു. എ.വി. കിടക്കുന്ന മുറിയിലേക്ക് പാറു വന്നു. എ.വിയെ കണ്ടു. പാറുവിനെ എ.വി. ക്കും പരിചയമുണ്ടായിരുന്നു.
‘കുട്ടി എങ്ങിനെ ഇവിടെ എത്തി?’
ആകാംക്ഷയോടെ
എ.വി ചോദിച്ചു പോലും.
‘ഞാന്‍ ഇവിടെ നഴ്‌സിംഗ് പഠിക്കുകയാണ്’
പാറു മറുപടി നല്‍കി.
‘എങ്ങിനെ പരിശീലനത്തിന് പ്രവേശനം കിട്ടി?’
‘കൂക്കാനം റഹ്‌മാന്‍ മാഷാണ് ഇക്കാര്യം പറഞ്ഞതും ഇവിടേക്ക് അപേക്ഷ അയച്ചതും അങ്ങിനെയാണ് ഇവിടെ അഡ്മിഷന്‍ കിട്ടിയത്’. പാറു കാര്യം വ്യക്തമാക്കി.
‘നാട്ടിലെത്തി ഞാന്‍ മാഷെ കണ്ടോളാം’ എ.വി. പറഞ്ഞു പോലും. എ.വി. കരിവെള്ളൂരിലെത്തിയാല്‍ ബസാറിലെ എം.വി നാരായണന്‍ മാഷുടെ ഇസ്തരിക്കടക്ക് തൊട്ടുള്ള തപാല്‍ ബോക്‌സ് വെച്ച സ്ഥലത്തെ റോഡിലാണ് നില്‍ക്കുക. അവിടെ അദ്ദേഹത്തോടൊപ്പം പലരും ഉണ്ടാവും. അവിടെയായിരുന്നു അന്നത്തെ ബസ് സ്‌റ്റോപ്പ്. ഒരു ദിവസം ഞാന്‍ റോഡിലൂടെ കടന്നു പോവുകയായിരുന്നു. എ.വി. എന്നെ കൈ കാണിച്ചു വിളിച്ചു. എന്റെ ചുമലില്‍ കൈ വെച്ച് കൊണ്ട് അവിടെ കൂടി നില്‍ക്കുന്നവരോട് പറഞ്ഞു:
‘ഈ മാഷ് ചെയ്ത കാര്യം എനിക്ക് ഏറെ സന്തോഷമുണ്ടാക്കി. പലിയേരികൊവ്വലിലെ ഒരു പെണ്‍കുട്ടിക്ക് നഴ്‌സിംഗ് പരിശീലനത്തിന് പോകാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് ഈ മാഷാണ്. നന്ദിയുണ്ട് മാഷേ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് നമ്മുടെ കടമയാണ്’.
എനിക്കു കിട്ടിയ വലിയൊരു അവാര്‍ഡായിരുന്നു എ.വിയുടെ നല്ല വാക്കുകള്‍. അത് എന്നിലുളവാക്കിയ ഊര്‍ജ്ജം ചെറുതല്ല. എന്റെ തുടര്‍പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്നത് എ.വി.യുടെ നല്ലവാക്കുകളായിരുന്നു.
സപ്തംബര്‍ 2ന് പാറുവിന്റെ വീട്ടില്‍ ചെന്നു. പാറുവിന്റെ മൃതദേഹത്തിന് അന്ത്യോപാചാരമര്‍പ്പിച്ചു. പാറുവിന്റെ രണ്ട് പെണ്‍മക്കളെയും കണ്ടു. അവരില്‍ ഒരാള്‍ പൊലീസിലും മറ്റേയാള്‍ എസ്.ബി.ഐയിലും ജോലി ചെയ്യുന്നു. ഭര്‍ത്താവ് പ്രതിരോധ വകുപ്പില്‍ നിന്ന് വിരമിച്ചതാണ്. കുറേനേരം അവിടെ പഴയ പരിചിതരെ കണ്ട് ഓര്‍മ്മകള്‍ പങ്കിട്ടു.
പിന്നോക്ക പ്രദേശങ്ങളില്‍ ആവശ്യമായ പ്രോത്സാഹനവും തക്ക സമയത്ത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതുമറിയാതെ വിദ്യാഭ്യാസം നേടിയിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാതെ വെറും വീട്ടമ്മമാരായി ഒതുങ്ങിയ എത്ര പാറുമാര്‍ ഉണ്ടാവുമെന്നാണ് തിരികെ വീട്ടിലേക്ക് സഞ്ചരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page