തിരുവനന്തപുരം: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു യാത്രക്കാര്‍ കടന്നു കളഞ്ഞു. പരിക്കേറ്റയാള്‍ മുറിക്കുള്ളില്‍ മരിച്ചു. മുറിയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. കലുങ്കുനട സ്വദേശിയായ സുരേഷ് (55) ആണ് മരണപ്പെട്ടത്.
സെപ്തംബര്‍ ഏഴിനു രാത്രി തിരുവനന്തപുരം, വെള്ളടയിലാണ് ദാരുണമായ സംഭവം. റോഡരുകില്‍ നില്‍ക്കുകയായിരുന്നു സുരേഷ്. ഇതിനിടയില്‍ എത്തിയ രണ്ടുപേര്‍ സുരേഷിനെ ബൈക്കിടിച്ചു തെറുപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ രണ്ടു പേരും ചേര്‍ന്ന് താങ്ങിയെടുത്തു. തുടര്‍ന്ന് സുരേഷ് താമസിക്കുന്ന മുറിയിലെത്തിച്ച ശേഷം മുറി പുറത്തു നിന്നും പൂട്ടി കടന്നു കളയുകയായിരുന്നു. ഇതൊന്നും ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. അടച്ചിട്ട മുറിക്കുള്ളില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ നാട്ടുകാര്‍ ജനലിലൂടെ മുറിക്കകത്തേക്ക് നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തുടര്‍ന്ന് പൊലീസ് പരിസരത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുരേഷിനെ ബൈക്കിടിച്ച് തെറുപ്പിക്കുന്നതും മുറിയിലേക്ക് കൊണ്ടു പോകുന്നതും കണ്ടത്. ബൈക്കു യാത്രക്കാരെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. ഇവരെ കണ്ടെത്തിയാലെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.