ഹൈദരാബാദ്: മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലറിനു എക്‌സൈസ് താഴിട്ടു. ഹൈദരാബാദ്, ജൂബിലി ഹില്‍സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന അരികോ കഫേ ആന്റ് ഐസ്‌ക്രീം പാര്‍ലര്‍ ആണ് എക്‌സൈസ് അധികൃതര്‍ പൂട്ടിച്ചത്. പാര്‍ലറില്‍ നിന്നു മദ്യം കലര്‍ത്തിയതെന്നു സംശയിക്കുന്ന 11.5 കിലോ ഐസ്‌ക്രീമും പിടിച്ചെടുത്തു. ജീവനക്കാരായ ദയാകര്‍ റെഡ്ഡി, ശോഭന്‍ എന്നിവര്‍ എക്‌സൈസ് കസ്റ്റഡിയിലാണ്. പാര്‍ലര്‍ ഉടമ ഗട്ടുചന്ദ്രറെഡ്ഡി ഒളിവിലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കൗമാരക്കാര്‍ ഐസ്‌ക്രീം പാര്‍ലറില്‍ സ്ഥിരമായി വരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പാര്‍ലര്‍ അടച്ചുപൂട്ടിയത്. ഒരു കിലോ ഐസ്‌ക്രീമില്‍ 60 മില്ലി ലിറ്റര്‍ വിസ്‌കി കലര്‍ത്തിയായിരുന്നു സ്‌പെഷ്യല്‍ ഐസ്‌ക്രീം എന്ന പേരില്‍ കച്ചവടം പൊടിപൊടിച്ചിരുന്നത്. യാതൊരു തരത്തിലുമുള്ള പരസ്യവും നല്‍കിയിരുന്നില്ല. എന്നിട്ടും പാര്‍ലറില്‍ ഐസ്‌ക്രീം കഴിക്കാന്‍ എത്തുന്നവരുടെ തിരക്കും പാര്‍ലറിനെതിരെ അന്വേഷണം നടത്താന്‍ അധികൃതരെ പ്രേരിപ്പിച്ചു. ഐസ്‌ക്രീമിന്റെ രുചി അറിഞ്ഞവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചതും പാര്‍ലറിനെതിരെയുള്ള നടപടിക്ക് വേഗത കൂട്ടി.