മലപ്പുറം: പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സൗപര്‍ണിക(35) കബളിപ്പിച്ചത് നിരവധി പേരെ. റിട്ട. പൊലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റന്‍, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച കേസുകളും ഇവരുടെ പേരിലുണ്ട്. ചിറമംഗലം സ്വദേശി രാജേഷും മറ്റുരണ്ടുപേരും നല്‍കിയ പരാതിയിലാണ് യുവതിയെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 20,000 രൂപ വീതം നൂറുക്കണക്കിനാളുകളില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
10 ലക്ഷം രൂപ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപ കൈപ്പറ്റി കബളിപ്പിച്ചെന്നാണ് രാജേഷിന്റെ പരാതി. 6 ശതമാനം പലിശനിരക്കില്‍ പത്ത് ലക്ഷം രൂപ 72 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും 18 വര്‍ഷംകൊണ്ട് അടച്ച് തീര്‍ത്താല്‍ മതിയെന്നുമാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം. ലോണിന് അഞ്ച് ലക്ഷം രൂപക്ക് 20,000 രൂപയാണ് കമ്മീഷന്‍ നല്‍കേണ്ടത്. പത്ത് ലക്ഷം രൂപക്ക് 37000 രൂപ നേരിട്ടും 3000 രൂപ ഗൂഗിള്‍ പേ വഴിയുമാണ് രാജേഷ് പണം നല്‍കിയത്. ശ്രീലക്ഷ്മി കോണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകാരെ സ്വീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി സാമ്പത്തീക കേസുകളുണ്ട്. 2019 മുതല്‍ പ്രതി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം. കാലിക്കറ്റ് സര്‍വകലാശാല, എം.ജി. സര്‍വകലാശാല എന്നിവിടങ്ങളിലെ വകുപ്പുകളില്‍ ഡേറ്റ എന്‍ട്രി ജോലിയുടെ കരാര്‍ ലഭിക്കാനെന്ന വ്യാജേനയാണ് അന്ന് തട്ടിപ്പുനടത്തിയത്. റിട്ട. പൊലീസ് സൂപ്രണ്ടിന്റേത് മാത്രം അഞ്ചേമുക്കാല്‍ ലക്ഷം തട്ടിയിട്ടുണ്ട്. ഇതിന് ചേവായൂര്‍ പൊലീസില്‍ കേസുമുണ്ട്.