ഇനി പൂക്കളങ്ങളുടെയും പൂവിളികളുടെയും നാളുകൾ, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം 

 

 

കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിക്ക് ഇനി കാത്തിരിപ്പിന്റെ പത്തു നാളുകള്‍. പൂക്കളമൊരുക്കി മഹാബലിയെ വരവേല്‍ക്കാന്‍ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. ‘പൂവിളി പൂവിളി പൊന്നോണമായി… ‘ മറ്റൊരു പൊന്നോണ കാലം കൂടി എത്തുന്നു. ഇന്ന് അത്തം. ഇനിയുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളുടേതു കൂടിയാണ്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. മലയാളികളുടെ മുറ്റത്ത് ഇന്ന് മുതൽ പൂക്കളങ്ങൾ വിരിഞ്ഞ് തുടങ്ങും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത. അതേസമയം വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി എല്ലാത്തിനും നാടൊരുങ്ങി. അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഇത്തവണ സെപ്റ്റംബര്‍ 15 നാണ് തിരുവോണം. ഓണവിപണിയിലേക്കുള്ള പൂക്കളും എത്തിത്തുടങ്ങി. ഓണക്കാലമായതോടെ പൂ വിപണികളും ഇന്ന് മുതൽ സജീവമാകും. സർക്കാരിന്റേതുൾപ്പെടെയുള്ള വിവിധ ഓണച്ചന്തകൾക്കും ഇന്നു തുടക്കമാകും. അതേസമയം ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. ഗവ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30 ന് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page