കാസര്‍കോട്: സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിച്ച് മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അശ്രദ്ധമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തദ്ദേശ അദാലത്ത് ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ കാസര്‍കോട് സന്ദര്‍ശിച്ചപ്പോള്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നത് കണ്ട് ഉടന്‍ നടപടി സ്വീകരിച്ചതാണ്. ഇന്ന് നടക്കാനിറങ്ങിയപ്പോള്‍ അവിടെ മാലിന്യം ഇല്ല എന്നാല്‍ മറ്റുചിലയിടങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് മാധ്യമങ്ങളിലൂടെയും ചില വീഡിയോകളിലൂടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാലിന്യ പരിപാലനത്തില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജില്ലാതല എന്‍ഫോഴ്‌സ് മെന്റ് സ്‌ക്വാഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍, എ കെഎംഅഷറഫ്. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.രാജഗോപാലന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉഷ, നഗരസഭ ചേമ്പര്‍ പ്രതിനിധി നീലേശ്വരം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി സംസാരിച്ചു