തിരുവനന്തപുരം: ബലാത്സംഗം, തൊഴിൽ നിഷേധം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളുമായി നടി ചാർമിള രംഗത്ത്. മലയാള സിനിമാ മേഖലയിൽ നിന്ന് 28 പേർ തന്നോട് മോശമായി പെരുമാറിയെന്നാണ് താരം വെളിപ്പെടുത്തയിത്. അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ നിർമ്മാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടി പറയുന്നത്. നിർമ്മാതാവ് എം.പി മോഹനനും സുഹൃത്തുക്കളുമാണ് സംഭവത്തിനു പിന്നിൽ. പഴനിയിലെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കൂടുതൽ പേരുകൾ വെളിപ്പെടുത്തുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പോലെ വാതിലിൽ മുട്ടുന്നതുൾപ്പെടെയുള്ള അതിക്രമങ്ങൾ ഉണ്ടായി. അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് നിൽക്കാതെ വന്നപ്പോൾ സിനിമയിൽ നിന്ന് ഒഴിവാക്കുമെന്ന ഭീഷണിവരെ ഉണ്ടായിരുന്നു. വഴങ്ങാൻ തയാറാവാത്തതിനാൽ ചിത്രത്തിൽ അവസരം നഷ്‌ടമായ സംഭവവും ചാർമിള പറഞ്ഞു. തന്റെ സുഹൃത്തായ നടൻ വിഷ്‌ണുവിനോട് താൻ അഡ്‌ജസ്‌റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകൻ ഹരിഹരൻ ചോദിച്ചു. വഴങ്ങാൻ തയാറല്ലെന്ന് വ്യക്‌തമാക്കിയതോടെ പരിണയം എന്ന സിനിമയിൽ നിന്ന് തന്നെയും വിഷ്‌ണുവിനെയും സംവിധായകൻ ഹരിഹരൻ ഒഴിവാക്കിയെന്നും ചാർമിള വെളിപ്പെടുത്തി. നിലവിൽ തനിക്ക് ഒരു മകനുള്ളതിനാൽ കേസും പ്രശ്‌നങ്ങളുമായി മുന്നോട്ടു പോകാൻ താത്‌പര്യമില്ലെന്നും താരം വ്യക്‌തമാക്കി. ധനം, ചന്ത, കാബൂളിവാല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു ചാർമിള. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വിക്രമാദിത്യനിലൂടെ തിരികെയെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം വന്ന തുറന്നു പറച്ചിലുകളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് ചാർമിളയുടേത്.