കാസര്‍കോട്: പരപ്പ കമ്മാടം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കമ്മാടം ബാനം റോഡിലെ നൗഷാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഷാര്‍ജ ദൈദില്‍ ജോലി സ്ഥലത്ത് വച്ചു മരിച്ചത്. അവധി ദിവസമായതിനാല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനിയില്‍ എത്തിയിരുന്നു. കുറച്ചു സമയത്തിന് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെന്‍സ് അല്‍ അമാന ഫുഡ് സ്റ്റഫ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റസീന. അജ്മാനിലുള്ള നഹാസ്, നൗജ എന്നിവര്‍ മക്കളാണ്. റാഹിദ് മൗക്കോട് മരുമകന്‍. നാട്ടില്‍ വന്ന് കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഷാര്‍ജയിലേക്ക് തിരിച്ച് പോയിരുന്നു. നൗഷാദിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും കണ്ണീരിലാക്കി. കോട്ടയം ചങ്ങനാശേരിയാണ് ജന്മ സ്ഥലം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കും. പരപ്പ കമ്മാടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കും.