കാസര്‍കോട്: അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി.എ മുഹമ്മദ് കൊലപാതക കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചതോടെ കാസര്‍കോട് ജില്ലാ അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായരുടെ ശിരസ്സില്‍ ഒരു പൊന്‍തൂവല്‍ കൂടി. 2008 ഏപ്രില്‍ 18ന് സി.എ മുഹമ്മദ് കൊല്ലപ്പെട്ട സമയത്ത് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്നു ബാലകൃഷ്ണന്‍ നായര്‍. മുഹമ്മദ് സിനാന്‍, സന്ദീപ്, അഡ്വ.സുഹാസ്, മുഹമ്മദ് എന്നിവരാണ് അന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത്. കൊലയാളികളെ കണ്ടെത്താന്‍ അന്നത്തെ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മുഹമ്മദ് വധക്കേസ് അന്വേഷണ ചുമതല അന്ന് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ബാലകൃഷ്ണന്‍ നായര്‍ക്കായിരുന്നു. ഈ കേസിലെ നാല് പ്രതികളെയാണ് കഴിഞ്ഞദിവസം കാസര്‍കോട് ജില്ല അഡിഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. ഇതോടെ ബാലകൃഷ്ണന്‍ നായരുടെ കേസ് ഡയറിയില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന നാലാമത്തെ വധ കേസാണ് സി.എ മുഹമ്മദിന്റെത്. പാലക്കുന്ന് സ്വദേശിയായ ബാലകൃഷ്ണന്‍ നായര്‍ ഒരു മാസം മുമ്പാണ് കാസര്‍കോട് അഡീഷണല്‍ എസ്.പി ആയി നിയമിതനായത്.