ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു.വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. രാമകൃഷ്ണനെ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ദേവനഹള്ളി പൊലീസ് പ്രതി രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. രമേശിൻ്റെ ഭാര്യയുമായി രാമകൃഷ്ണയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി വിമാനത്താവളത്തിൽ ജോലി ചെയ്യുകയായിരുന്ന രാമകൃഷണയുടെ അടുത്തെത്തിയ രമേശ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെര്‍മിനലിന് സമീപത്തെ ബാത്ത്റൂമിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് രാമകൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തുകയും വെട്ടുകത്തികൊണ്ട് കഴുത്തറുക്കുകയും ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കോളേജ് ബാഗിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നു. രക്ഷപ്പെട്ട പ്രതിയെ പിന്നീട് കണ്ടെത്തി പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു







