ഇന്ന് എന്റെ പഴയ കാല സഹപാഠി കുണ്ടത്തില്‍ സുന്ദരനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അസുഖമാണ് എന്നറിഞ്ഞു പോയതാണ്. കോളിംഗ് ബെല്ലടിച്ചു. ആരും ഡോര്‍ തുറക്കുന്നില്ല. എന്റെ കൂടെ മോട്ടുമ്മല്‍ ശശിയും ഭാസ്‌കരനും ഉണ്ടായിരുന്നു.
കുറച്ചു കഴിയുമ്പോള്‍ ഭാര്യ വന്നു ഡോര്‍ തുറന്നു. ‘ചായ കുടിക്കുകയാണ്’ അവര്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും അകത്തേക്ക് കടന്നു. ദോശയും പയര്‍ കറിയും ചായയും മുമ്പിലുണ്ട്. ഒരു നിമിഷം ഞാന്‍ നിശ്ശബ്ദനായി സുന്ദരനെ നോക്കി നിന്നു. ആകെ കളര്‍ ചെയ്ഞ്ചായിരിക്കുന്നു. എഴുന്നേല്‍ക്കാനും നടക്കാനും വിഷമം. കൂടെ വന്നവരോടും ഭാര്യയോടുമായി ഞാന്‍ പറഞ്ഞു. ‘ഞങ്ങള്‍ പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്. ഊര്‍ജസ്വലനായ യുവാവായിരുന്നു അന്ന്. പഠനത്തോടൊപ്പം കാര്‍ഷികരംഗത്തും ഉഷാറായിരുന്നു. സ്‌കൂളില്‍ പോകുന്ന സമയം വരെ വയലില്‍ കന്നു പൂട്ടാനും, മറ്റും സഹായിക്കും. ഞങ്ങള്‍ക്ക് മറക്കാനാവാത്ത ഒരനുഭവമുണ്ട്. പത്താം ക്ലാസ് പാസായി തൊഴിലിന് ശ്രമിക്കണമെന്ന ആവേശമൊന്നും അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞാന്‍ കച്ചവടക്കാരനായി അമ്മാവനെ സഹായിക്കും. സുന്ദരന്‍ കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെട്ട് മുന്നോട്ടു പോവും. ടീച്ചേര്‍സ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചതായി പത്രവാര്‍ത്ത കണ്ടു. ഒരു ദിവസം സുന്ദരന്‍ പീടികയിലേക്ക് വന്നപ്പോള്‍ ടി.ടി.സി.ക്കാര്യം അവന്റെ ശ്രദ്ധയില്‍ പെടുത്തി. ‘നമുക്കും അതിന് അപേക്ഷിച്ചാലോ?’ സുന്ദരന്‍ പറഞ്ഞു. ‘ആയ്‌ക്കോട്ടെ നീ പോയി ഓണക്കുന്നിലെ അവ്വക്കറിച്ചാന്റെ പീടികയില്‍ ചെന്ന് രണ്ട് അപേക്ഷാ ഫോറം വാങ്ങിയിട്ടു വാ’
കേള്‍ക്കേണ്ട താമസം സുന്ദരന്‍ ഓണക്കുന്നില്‍ പോയി രണ്ട് അപേക്ഷാഫോറവുമായി വന്നു. ഞങ്ങള്‍ പീടികയിലെ ബെഞ്ചിലിരുന്നു പരസ്പരം സംശയനിവാരണം വരുത്തി അപേക്ഷാ ഫോറം പൂരിപ്പിച്ചു. അപ്പോള്‍ തന്നെ രണ്ട് കവര്‍ എടുത്ത് വിലാസമെഴുതി ഒട്ടിച്ചു.
അടുത്ത ദിവസം പോസ്റ്റാഫീസില്‍ ചെന്ന് സ്റ്റാമ്പ് ഒട്ടിച്ചു അയക്കാനും സുന്ദരന്‍ റെഡിയായി. അപേക്ഷ അയച്ചു മാസം ഒന്നു രണ്ടു കഴിഞ്ഞു. മറുപടിയൊന്നും കിട്ടാത്തപ്പോള്‍ അപേക്ഷ തള്ളിയിട്ടുണ്ടാകും എന്ന് കരുതി. ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അയല്‍വാസിയായ എന്‍.പ്രഭാകരന്‍ മാസ്റ്റര്‍ ഒരു കവറുമായി വീട്ടിലേക്കു വരുന്നുണ്ട്. പോസ്റ്റ്മാന്‍ മാഷെ ഏല്‍പ്പിച്ചതാണ്. ആകാംക്ഷയോടെ തുറന്നു നോക്കി. ടി.ടി.സി. സെലക്ഷന്‍ മെമ്മോ ആണ്. നീലേശ്വരം എസ്.എന്‍.ടി.ടി.ഐ.യില്‍ ജോയിന്‍ ചെയ്യാനാണ് അതില്‍ കാണിച്ചിരിക്കുന്നത്. ഉടനെ സുന്ദരന്റെ വീട്ടില്‍ ചെന്നു. അവനും സെലക്ഷന്‍ കിട്ടിയോ എന്നറിയാനാണ് പോയത്. ഇല്ല, അവന് സെലക്ഷന്‍ ഇല്ല. പാവം അവനു വളരെ താല്‍പര്യമായിരുന്നു. അവനു കിട്ടിയില്ലെന്നറിഞ്ഞപ്പോള്‍ എനിക്കും വിഷമമായി. സുന്ദരന്‍ താല്‍പര്യമെടുത്ത് അപേക്ഷ സമര്‍പ്പിച്ചതുകൊണ്ടു മാത്രമാണ് എനിക്ക് പരിശീലനത്തിന് സെലക്ഷന്‍ കിട്ടിയതും അധ്യാപകനായി തീര്‍ന്നതും. എന്നും സുന്ദരന്‍ കാണിച്ച സ്‌നേഹവും സഹകരണവും മനസ്സിലുണ്ട്. അവനും വെറുതെയിരുന്നില്ല. വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് കമ്പനിയില്‍ അവന്‍ ജോയിന്‍ ചെയ്തു.
കുറച്ചു മാസങ്ങളായി അസുഖം ബാധിച്ചതിനാല്‍ വീട്ടില്‍ തന്നെയാണ്. കണ്ട് സംസാരിച്ചപ്പോള്‍ സന്തോഷം തോന്നി.