മതില്‍ പണിയാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; പ്രധാന അധ്യാപകനെയും എഞ്ചിനീയറെയും സസ്‌പെന്റുചെയ്തു

 

മംഗളൂരു: മതില്‍ പണിയാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സംഭവത്തില്‍ ഉത്തരവാദികളായ പ്രധാന അധ്യാപകനെയും ജില്ലാപഞ്ചായത്ത് എഞ്ചിനീയറെയും സസ്‌പെന്റുചെയ്തു. ചൊവ്വാഴ്ച രാവിലെ കര്‍ണാടക കഡബ താലൂക്കിലെ പെരാബെ കുന്തുരു ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രൈമറി വിഭാഗം കെട്ടിടമാണ് തകര്‍ന്ന് വീണത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രശ്മി, ദീക്ഷ, ഫാത്തിമ സുഹാന, യഷിത എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്. സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് എഞ്ചിനീയര്‍ സംഗപ്പ ഹുക്കേരി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രമേഷ് എന്നിവരെ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ മുളൈ മുഹിലന്റെ ഉത്തരവിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. തകര്‍ന്ന കെട്ടിടത്തിന് ഏകദേശം 50 വര്‍ഷം പഴക്കമുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി എടുക്കവെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. കുറച്ചുകുട്ടികള്‍മാത്രമാണ് സമീപത്തുണ്ടായിരുന്നത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. വെള്ളം കുടിക്കാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. സ്‌കൂളില്‍ 177 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇടവേള സമയത്തായിരുന്നു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്. പഠന സമയത്തായിരുന്നുവെങ്കില്‍ വന്‍ദുരന്തം നടന്നേനെയെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജുബിന്‍ മൊഹപത്ര, കടബ തഹസില്‍ദാര്‍ പ്രഭാകര്‍ ഖജൂറെ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. 75 വര്‍ഷം പഴക്കമുള്ള സ്‌കൂളില്‍ 2017 മുതല്‍ കെട്ടിട നിര്‍മാണം നടന്നുവരികയായിരുന്നു. അഞ്ചും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന ക്ലാസ് മുറികള്‍ക്കു പിന്നില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുള്ള കുഴിയെടുത്താണ് ചൊവ്വാഴ്ച പണി തുടങ്ങിയത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ അറിഞ്ഞിട്ടും തിടുക്കത്തില്‍ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചതില്‍ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിമര്‍ശനത്തിന് ഇടയാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page