കാസര്‍കോട്: കാസര്‍കോട് കടലില്‍ കണ്ടെത്തിയ ചൈനീസ് ‘കുടം’ പരിഭ്രാന്തി പരത്തി. മത്സ്യത്തൊഴിലാളികള്‍ വല വീശി ബോട്ടിലേക്ക് കയറ്റിയ കുടം കരയിലെത്തിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ച് അപകടകാരിയല്ലെന്നു ഉറപ്പു വരുത്തിയതോടെയാണ് പൊലീസിന് ശ്വാസം വീണത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാസര്‍കോട് കടപ്പുറത്തു നിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളാണ് പച്ച നിറത്തിലുള്ള സിലിണ്ടര്‍ പോലെയുള്ള ഒരു വസ്തു ഒഴുകി നടക്കുന്നത് കണ്ടത്. പുറംഭാഗത്ത് ചൈനീസ് ഭാഷയില്‍ എന്തൊക്കെയോ എഴുതിയതായും കണ്ടെത്തി. സംശയം തോന്നി കുടത്തെ വലയെറിഞ്ഞ് ബോട്ടിലേക്ക് കയറ്റി. കരയില്‍ എത്തിച്ച ശേഷം പൊലീസിനെ അറിയിച്ചു. പൊലീസ് ബോംബു സ്‌ക്വാഡ് അടക്കമുള്ള സകല സംവിധാനങ്ങളുമായി കടപ്പുറത്തേക്ക് കുതിച്ചു. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കുടത്തിനു അകത്ത് ഒന്നും ഇല്ലെന്നും സ്ഥിരീകരിച്ചു. ഇതോടെയാണ് പൊലീസിനു ശ്വാസം വീണത്.
കപ്പലില്‍ നിന്ന് വലിച്ചെറിഞ്ഞ ഏതോ വസ്തുവാണ് മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.
