കണ്ണൂര്‍: കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണ വ്യാപാരികളെ തട്ടിക്കൊണ്ടുപോയി 3.75 കോടി രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇരിട്ടി, മുഴക്കുന്ന്, ഉറുകുന്ന് പറമ്പ് ഹൗസില്‍ കെ. കനകരാജന്‍ (26), കയമടന്‍വീട്ടില്‍ കെ. അക്ഷയ് അജയ് (24) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ ഹരിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്.
ജൂലായ് 26ന് രാത്രി ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പഴയ സ്വര്‍ണ്ണം മഹാരാഷ്ട്രയില്‍ വില്‍പ്പന നടത്തി മടങ്ങുകയായിരുന്ന കുറ്റ്യാടിയിലെ ജ്വല്ലറിക്കാരാണ് കൊള്ളയ്ക്ക് ഇരയായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ച് അപകടം ഉണ്ടാക്കിയ ശേഷം കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ജ്വല്ലറിക്കാരില്‍ ഒരാള്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ട് കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 50 ലക്ഷം രൂപ കൊള്ളയടിച്ചുവെന്നായിരുന്നു ആദ്യം പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീടാണ് യഥാര്‍ത്ഥത്തില്‍ 3.75 കോടി രൂപ നഷ്ടപ്പെട്ടതായി വ്യക്തമായത്. കൃത്യത്തിനു ഉപയോഗിച്ച ചെങ്കല്ല് ലോറിയുടെ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് കൊള്ള സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.