കണ്ണൂർ: റെയിൽവേ മേൽപ്പാലത്തിൽ സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സഹോദരങ്ങളിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി അറത്തിൽ പള്ളിക്ക് സമീപം പൊയ്തുംകടവ് സ്വദേശി ജഹീർ- ജസ്ന ദമ്പതികളുടെ മകൻ ഷിനാസ് (10) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ് ജാസിം(13) അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മൂത്ത സഹോദരൻ ജാസിമിനൊപ്പം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് ഷിനാസിനെ തട്ടിയത്. സഹോദരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകളാണ് കുട്ടിയെ കണ്ടെത്തിയത്. ഗാലക്സി കമ്പനിക്ക് സമീപത്തെ റെയിൽവേ പാളത്തിലായിരുന്നു സംഭവം. മൃതദേഹം അറത്തിൽ ഖബർസ്ഥാനിൽ ഖബറടക്കി. പാപ്പിനിശ്ശേരി ഗവ. യു പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഷിനാസ്.







