കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് ഒരു ഭാഗം കാഞ്ഞങ്ങാട്, മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയിട്ടുള്ളതായി സൂചന. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെത്തും. കാറഡുക്കയില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്നു 160 ഗ്രാമോളം വരുന്ന സ്വര്‍ണമാണ് മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയം വച്ചിട്ടുള്ളതെന്നാണ് സൂചന. തട്ടിപ്പ് കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളില്‍ ഒരാളായ അതിയാമ്പൂര്‍ സ്വദേശിയാണ് കാറഡുക്ക സംഘത്തില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണ പണയപ്പെടുത്തിയത്. ആദ്യം മറ്റൊരാളുടെ കൈവശമാണ് കൊടുത്തയച്ചിരുന്നത്. എന്നാല്‍ പണയം സ്വീകരിക്കാന്‍ ആദ്യം സ്ഥാപന അധികൃതര്‍ തയ്യാറായില്ലത്രെ. ഇതേ തുടര്‍ന്നാണ് അതിയാമ്പൂര്‍ സ്വദേശി നേരിട്ടെത്തി പണയം വച്ചതെന്നാണ് സൂചന. കാറഡുക്ക സംഘത്തിലെ സെക്രട്ടറിയായിരുന്ന മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശന്‍ ആണ് സൊസൈറ്റിയില്‍ പണയപ്പെടുത്തിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മറ്റു പ്രതികള്‍ക്കു കൈമാറിയത്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന തട്ടിപ്പ് സംഭവത്തില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീടാണ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.