വെള്ളിയാഴ്ച നടന്ന വരമഹാലക്ഷ്മി പൂജയ്ക്ക് ഉടുക്കാന്‍ പുതിയ സാരി വാങ്ങി നല്‍കാതിരുന്നതിനെ ചോദ്യം ചെയ്ത ഭാര്യയെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ക്രൂരകൃത്യം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ബംഗ്‌ളൂരു, നിലമംഗലം ഡാബാസ്‌പേട്ടയിലാണ് സംഭവം. കാവ്യ (27)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശിവാനന്ദ(35)യെ നിലമംഗലം പൊലീസ് അറസ്റ്റു ചെയ്തു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ശിവാനന്ദയും കാവ്യയും തമ്മിലുള്ള കല്യാണം ആറു വര്‍ഷം മുമ്പാണ് നടന്നത്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന കാവ്യ ഏതാനും മാസം മുമ്പാണ് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച നടന്ന വരമഹാലക്ഷ്മി പൂജയ്ക്ക് ഉടുക്കാന്‍ പുതിയ സാരി വേണമെന്നു കാവ്യ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാരി വാങ്ങിക്കൊടുക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതിന്റെ പേരില്‍ കാവ്യ ഭര്‍ത്താവിനോട് തട്ടിക്കയറി. ഇതേ തുടര്‍ന്നാണ് ശിവാനന്ദ വീട്ടിനകത്തുണ്ടായിരുന്ന പെട്രോള്‍ എടുത്ത് ഭാര്യയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സഹോദരി പല തവണ കാവ്യയെ ഫോണില്‍ വിളിച്ചിട്ടും എടുത്തിരുന്നില്ല. ഇതില്‍ സംശയം തോന്നിയ സഹോദരി ശിവാനന്ദയുടെ വീട്ടില്‍ എത്തിയപ്പോഴാണ് കാവ്യയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ശിവാനന്ദയെ അറസ്റ്റു ചെയ്തു. സാരി വാങ്ങി കൊടുക്കാത്തതിനെ ചൊല്ലി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്നാണ് ശിവാനന്ദ പൊലീസിനു നല്‍കിയ മൊഴി.
