മകന്റെ വിവാഹത്തിന് വധുവിനെ ആനയിക്കാനെത്തിയപ്പോള്‍ മാതാവ് ഒന്നു ഞെട്ടി. പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട മകളാണെന്ന് മാതാവ് പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയില്‍ ജന്മനായുള്ള ഒരു പ്രത്യേക അടയാളം കണ്ടപ്പോഴാണ് മകളെ ഓര്‍മവന്നത്.
കിഴക്കന്‍ ചൈനയിലെ സുഷൗ പ്രവിശ്യയില്‍ 2021 -ലാണ് ഈ അസാധാരണ സംഭവം നടന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിന് ശേഷം, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഭവം പങ്കുവയ്ക്കപ്പെട്ടതോടെ അത് ഏറെ പേരുടെ ശ്രദ്ധനേടി. അന്ന് വിവാഹ ഘോഷയാത്രയെ സ്വീകരിക്കാനായി വധു, എത്തിയപ്പോഴാണ് വരന്റെ മാതാവ് തന്റെ മരുമകളാകാന്‍ പോകുന്ന പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. വധുവിന്റെ കയ്യില്‍ പ്രത്യേക അടയാളം കണ്ടതോടെ അവര്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കിട്ടിയ പെണ്‍കുട്ടിയാണ്
താനെന്ന് വളര്‍ത്തച്ഛനും വളര്‍ത്തമ്മയും അറിയിച്ചതെന്ന് അവള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും കഥയറിഞ്ഞ സ്ത്രീ തന്റെ മകളാണ് അതെന്ന് മറ്റുള്ളവരെ അറിയിച്ചു. കൈയിലെ ജന്മനാലുള്ള അടയാളമാണ് തന്റെ മകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
20 വര്‍ഷം മുമ്പ് മകളെ നഷ്ടമായപ്പോള്‍, അവര്‍ മറ്റൊരു കുട്ടിക്കായി ആഗ്രഹിക്കുകയും ഒടുവില്‍ ഇപ്പോഴത്തെ മകനെ ദത്തെടുക്കുകയുമായിരുന്നു. ഇതോടെ ഇരുവീട്ടുകാര്‍ ചേര്‍ന്ന് വിവാഹം മംഗളകരമായി തന്നെ നടത്താന്‍ തീരുമാനിച്ചു. കഥയറിഞ്ഞതോടെ സമൂഹമാധ്യമങ്ങള്‍ക്ക് ഇത് വലിയ ആഘോഷമാവുകയും ചെയ്തു.