കാസർകോട്: മകളുടെ വിവാഹവേദിയില്‍ നടത്താന്‍ നിശ്ചയിച്ച കലാവിരുന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച് നീലേശ്വരത്തെ ദമ്പതികൾ. പാട്ടും നൃത്തത്തിനുമായി നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്കു അവർ സംഭാവന നല്‍കി. നഗരസഭാ അധികൃതര്‍ വിവാഹവേദിയിലെത്തി തുക ഏറ്റുവാങ്ങി. നീലേശ്വരത്തെ ഹോമിയോ ഡോക്ടർ പടിഞ്ഞാറ്റംകൊഴുവല്‍ മൈത്രിയിലെ മങ്കത്തില്‍ രാധാകൃഷ്‌ണന്‍ നായരുടെയും ഡോ.സജിത വെള്ളോറ മഠത്തിലിന്റെയും മകള്‍ നീരജ നായരുടെ വിവാഹ വേദിയിൽ വച്ചാണ് ദുരിതാശ്വാസ നിധിയിലേക്കു കാല്‍ലക്ഷം രൂപ നല്‍കിയത്. കാഞ്ഞങ്ങാട് കാരാട്ടുവയല്‍ ആശീര്‍വാദിലെ സി.ഗോവിന്ദന്‍ നായരുടെയും കെ.പി.വിജയശ്രീയുടെയും മകന്‍ കെ.പി.അഭിഷേകുമായാണ് വിവാഹം നടന്നത്. കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങിനോടനുബന്ധിച്ചു ക്ഷണിതാക്കള്‍ക്കായി വേദിയില്‍ വിപുലമായ കലാവിരുന്നൊരുക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇതു വേണ്ടെന്നു വച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, കൗൺസിൽ അംഗം കെ.പി.രവീന്ദ്രന്‍ എന്നിവര്‍ വിവാഹവേദിയിലെത്തി മാതാപിതാക്കള്‍, വധൂവരന്മാര്‍ എന്നിവരില്‍ നിന്നു തുക ഏറ്റുവാങ്ങി.