കാസര്‍കോട്: കാട്ടുപന്നിക്ക് വച്ച കെണിയില്‍ കുടുങ്ങി പെണ്‍പുലി ചത്ത സംഭവത്തില്‍ പിടിയിലായ പാണ്ടി മല്ലമ്പാറയിലെ ചന്ദ്രശേഖര നായ്കി(30)ന്റെ ലക്ഷ്യം കാട്ടുപന്നി വേട്ടയെന്ന് വനംവകുപ്പ്. നിരവധി കാട്ടുപന്നികളെയാണ് സംഘം വേട്ടയാടിയിട്ടുള്ളത്. സംഘത്തിലെ സുന്ദരന്‍ ഒളിവിലാണെന്നും അധികൃതര്‍ പറഞ്ഞു. ചന്ദ്രശേഖരയുടെ വീട്ടില്‍നിന്ന് കുറച്ചകലെയുള്ള ചെന്ന നായക് എന്നയാളുടെ കൃഷിയിടത്തിലാണ് കാട്ടുപന്നിയെ വേട്ടയാടാന്‍ കേബിള്‍ കമ്പി കൊണ്ടുള്ള കെണിവെച്ചത്. ഇവിടെ നിന്നും കുറച്ചകലെയാണ് പുലി കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ട അണ്ണപ്പ നായിക്കിന്റെ റബ്ബര്‍ത്തോട്ടം. സ്വന്തം പറമ്പിലേക്ക് കാട്ടുപന്നിയെത്തി കൃഷി നശിപ്പിക്കുന്നതിന് പ്രതിരോധിക്കാന്‍ കര്‍ഷകര്‍ ഒരുക്കിയ കെണിയിലായിരുന്നില്ല പുലി കുടുങ്ങിയത്. ഈമാസം 9 നാണ് പെണ്‍പുലി കെണിയില്‍ കുടുങ്ങിയത്. രാവിലെ പുലിക്ക് ജീവനുണ്ടായിരുന്നെങ്കിലും ഉച്ചയോടെയാണ് ചത്തത്. തുടര്‍ന്ന് വനം വകുപ്പ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ നേരത്തേ പ്രദേശത്ത് കാട്ടുപന്നിക്ക് കെണിവെക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ആളെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ ആണ് പ്രദേശത്തെ പന്നിവേട്ടക്കാരെക്കുറിച്ച് വിവരം നല്‍കിയത്. നേരത്തേ ചന്ദ്രശേഖരയും ഇയാളും സംഘമായി കാട്ടുപന്നിയെ കെണിവെച്ച് പിടിച്ചിരുന്നു. ചന്ദ്രശേഖര കാട്ടുപന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങിയത് ഇയാള്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കെണിവക്കാന്‍ സഹായായി പ്രവര്‍ത്തിച്ച സുന്ദരയെ പിടികൂടാന്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.പി.രാജുവും സംഘവും ആണ് പ്രതിയ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ചന്ദ്രശേഖരയെ റിമാന്‍ഡ് ചെയ്ത് ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലേക്ക് മാറ്റി.







