കാസര്‍കോട്: കാറില്‍ കടത്തിയ 302.4 ലിറ്റര്‍ കര്‍ണാടക മദ്യവും 17.28 ലിറ്റര്‍ ഗോവന്‍ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് കറന്തക്കാട് വച്ചാണ് സ്വഫ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന മദ്യവുമായി രവി കിരണ്‍ അറസ്റ്റിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഎസ് പ്രശോഭും സംഘവും ശനിയാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. എട്ടോളം പ്ലാസ്റ്റിക് ചാക്കുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഓണക്കാലത്ത് വില്‍പന നടത്താന്‍ കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതിയെയും കേസ് രേഖകളും തൊണ്ടിമുതലുകളും സാമ്പിള്‍ കുപ്പികളും കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, വി മഞ്ജുനാഥന്‍, ചാള്‍സ് ജോസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെഎ ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി എ എന്നിവരാണ് വാഹന പരിശോധനയില്‍ ഉണ്ടായിരുന്നത്.







