കാസര്‍കോട്: ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിലിന്റെ(29) സംസ്‌കാരം ശനിയാഴ്ച നടക്കും. കാസര്‍കോട് ജനറലാശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശത്തേക്ക് കൊണ്ടുപോയ മൃതദേഹം കരുവഞ്ചാല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് മൃതദേഹം എടൂരിലുള്ള വീട്ടിലെത്തിക്കും. എട്ടുമണിമുതല്‍ എടൂര്‍ സെന്റ് മേരീസ് ഫെറോനോ ദേവാലയത്തില്‍ പൊതുദര്‍ശനം. പത്തുമണിയോടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വികാരിക്കും സഹ വികാരിക്കും ഷോക്കേറ്റത്. സ്വാതന്ത്യദിനത്തില്‍ ഉയര്‍ത്തിയ ദേശീയ പതാക കൊടിമരത്തില്‍നിന്ന് അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഉടന്‍ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലശേരി അതിരൂപതാംഗമായ മാത്യൂ കണ്ണൂര്‍ ജില്ലയിലെ എടൂര്‍ സ്വദേശിയാണ്. 2010 ല്‍ തലശേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്നു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര പഠനവും ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. 2020 ഡിസംബര്‍ 28 ന് മാര്‍ ജോര്‍ജ് വലിയമറ്റം പിതാവില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് നെല്ലിക്കംപൊയില്‍, ചെമ്പന്തൊട്ടി, കുടിയാന്മല പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു. അതിന് ശേഷമാണ് മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചില്‍ വികാരിയായി സേവനം ആരംഭിച്ചത്. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ രണ്ടാം വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥി കൂടിയായിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായ വൈദികന്റെ വിയോഗം മുള്ളേരിയയെ കണ്ണീരിലാഴ്ത്തി.