കണ്ണൂര്‍: നികുതി വെട്ടിക്കുന്നതിനു വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയെന്ന കേസില്‍ ലോറി ഉടമയും സഹായിയും അറസ്റ്റില്‍. കുമ്പള, കോയിപ്പാടി, ഷാജഹാന്‍ മന്‍സിലിലെ അബ്ദുല്‍ ഖാദര്‍ സഫ്‌വാന്‍ (31), സഹായി മട്ടന്നൂര്‍, പൊറോറയിലെ ടി.കെ നൗഫല്‍ (31) എന്നിവരെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷും സംഘവും അറസ്റ്റു ചെയ്തത്.
ജുലൈ മൂന്നിന് വളപട്ടണത്തു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുളള വാഹനങ്ങള്‍ക്ക് വ്യാജനമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. പരിശോധന സമയത്ത് ലോറിയില്‍ നിന്നു ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.