ചില്ല് കൊട്ടാരം തകര്‍ന്നപ്പോള്‍…

 

ഗിരിക്കാട് ദ്വീപിലാണ് പൊന്നമ്മയുടെ കൊട്ടാരസദൃശ്യമായ വീട്. മുമ്പ് തോണിയിലോ അല്ലെങ്കില്‍ ബോട്ടിലോ യാത്ര ചെയ്തെ അവിടേക്ക് ചെല്ലാന്‍ പറ്റുള്ളൂ. ഇന്ന് അതിമനോഹരമായ ടാര്‍ ചെയ്ത റോഡ് വന്നു. വാഹനങ്ങള്‍ തുടരെത്തുടരെ വരാന്‍ തുടങ്ങി. പൊന്നമ്മയുടെ അച്ഛന്‍ പൊന്നപ്പന്റെ ഒരു കോടി വില പിടിപ്പുള്ള കാറും പ്രവാസികളെ അത്ഭുതപ്പെടുത്തി കടന്നുവന്നു. ഗള്‍ഫില്‍ ചെന്നു സമ്പാദിച്ചതാണ് ഇതെല്ലാം. പൊന്നമ്മയും കുറേക്കാലം ഗള്‍ഫിലായിരുന്നു. വയസ്സ് 40നോടടുത്തെങ്കിലും കാണാന്‍ ചേലുള്ള സ്ത്രീയായിരുന്നു പൊന്നമ്മ. രണ്ട് മക്കളുടെ അമ്മയാണെന്ന് കണ്ടാല്‍ തോന്നുകയേയില്ല. പൊന്നമ്മയുടെ കെട്ടിയോന്‍ നല്ലൊരു സമ്പത്തിന്റെ ഉടമയായിരിക്കെയാണ് വിവാഹം നടന്നത്.പക്ഷേ ഗള്‍ഫ് മേഖലയില്‍ നടക്കുന്ന വിവിധ ചൂതുകളിയില്‍ ഏര്‍പ്പെട്ട് എല്ലാം കളഞ്ഞു കുളിച്ചു. ഈ ദരിദ്രവാസിയുടെ കൂടെ ജീവിക്കാന്‍ പൊന്നമ്മയുടെ മനസ്സ് അനുവദിച്ചില്ല. ധനികനായ പൊന്നപ്പനും മകള്‍ക്കും ചേര്‍ന്നവന്‍ അല്ല അവന്‍ എന്ന നിലപാട് സ്വീകരിച്ചു. വിവാഹമോചനത്തില്‍ ബന്ധം കലാശിച്ചു. കുറച്ചുകൂടി ഫ്രീയായി പൊതുസമൂഹത്തില്‍ ഇടപഴകാന്‍ ഇതുവഴി പൊന്നമ്മയ്ക്ക് സാധിച്ചു. തന്റെ അച്ഛന്റെ സമ്പത്ത് കണ്ട് അഹങ്കരിച്ച് ആയിരുന്നു അവളുടെ ജീവിത യാത്ര. കാലം മാറി വന്നപ്പോള്‍ എന്തൊക്കെയോ മാറ്റം ആ കുടുംബത്തില്‍ വന്നു. പുറത്താരും അറിയില്ലെങ്കിലും കോടി വിലയുള്ള കാറും മണിമന്ദിരവും ഏക്കറ് കണക്കിനുള്ള തോട്ടവും എല്ലാം ലോണില്‍ കുടുങ്ങിപ്പോയി. പൊന്നപ്പന്റെ പിടിപ്പുകേട് കൊണ്ടും അശ്രദ്ധ കൊണ്ടും കൂടെ നിന്നവരുടെ ചതി മൂലവും കടം കയറി മൂടി. പക്ഷേ ജീവിച്ചുവന്ന ആര്‍ഭാട ജീവിതത്തിന് മങ്ങലേല്‍ക്കാതിരിക്കാതെ പിടിച്ചുനിന്നു. പുറത്തുള്ളവര്‍ക്കെന്നും കോടീശ്വരനാണ് പൊന്നപ്പേട്ടന്‍.
മകള്‍ പൊന്നമ്മ അച്ഛനേക്കാള്‍ ആര്‍ഭാട ജീവിതം ഇഷ്ടപ്പെടുന്നവളാണ്. മാലോകര്‍ പൊന്നമ്മയെ കോടീശ്വരന്റെ മകളായിട്ട് തന്നെയാണ് ഇന്നും കാണുന്നത്. അവരുടെ തകര്‍ച്ചയെപ്പറ്റി പുറംലോകം അറിയാത്തത് മുന്നോട്ടുള്ള പോക്കിന് സഹായകമായി. അവരുടെ നടത്തവും പോക്കും വസ്ത്രധാരണവുമെല്ലാം പഴയതുപോലെതന്നെ. അതിനിടയില്‍ അക്യുപഞ്ചര്‍ ചികിത്സാരീതിയില്‍ പരിശീലനം നേടിയിട്ടുണ്ടായിരുന്നു.അതു വെച്ചു കൊണ്ട് തന്നെ ഡോക്ടര്‍ പൊന്നമ്മ എന്ന ബോര്‍ഡ് വെച്ചു സ്റ്റെതസ്‌കോപ്പും മറ്റും പുറമേക്ക് കാണിച്ചുകൊണ്ടും യാത്ര ചെയ്യാന്‍ തുടങ്ങി. മക്കളെ പഠിപ്പിക്കാനും അച്ഛന് പുറത്തു പോകാനും കാറില്‍ പെട്രോള്‍ അടിക്കണം ഇതിനൊരു വഴിയില്ലാതായി.അതിനൊരു സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയേ പറ്റൂ.
ബുദ്ധി സാമര്‍ത്ഥ്യത്തിലും മികവ് കാട്ടുന്ന സ്ത്രീയായിരുന്നു പൊന്നമ്മ. പല ദേശക്കാരെയും പരിചയമുള്ളതിനാലും പല ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാലും ആരുമായും ഇടപഴകാന്‍ പൊന്നമ്മയ്ക്ക് സാധിക്കും. ഗിരികാട് ദ്വീപിന് അടുത്തുള്ള പേരുകേട്ട നാടായിരുന്നു കനക പുരം. ഇവിടം വളര്‍ന്നുകൊണ്ടിരിക്കുന്ന ടൗണ്‍ പ്രദേശമാണ് ഒരു വലിയ ടൗണിന്റെ പ്രൗഢിയും തലയെടുപ്പും കനകപുരത്തിനുണ്ട്. തിയേറ്ററുകളും ഫുട്ബോള്‍ കോര്‍ട്ടുകളും വലിയ വ്യാപാരസ്ഥാപനങ്ങളും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലുകളും പ്രമുഖ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന ആശുപത്രികളും ഇവിടെയുണ്ട്. മലയോരത്ത് നിന്ന് വരുന്ന മലഞ്ചരക്കുകളുടെ വ്യാപാര കേന്ദ്രം കൂടിയാണ് കനകപുരം.
ഇതിലൂടെ കാറില്‍ കടന്നു പോകുമ്പോള്‍ ഒരു വലിയ ബോര്‍ഡ് പൊന്നമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു ആയുര്‍വേദ അക്യുപഞ്ചര്‍ ചികിത്സ കേന്ദ്രം. സ്ഥാപനത്തിന്റെ മുന്നില്‍ പൊന്നമ്മ കാര്‍ നിര്‍ത്തി അക്യുപഞ്ചര്‍ ചികിത്സ കേന്ദ്രം തുടങ്ങാനുള്ള ചിന്തയിലായിരുന്നു പൊന്നമ്മ അപ്പോഴാണ് പുതുതായി തുടങ്ങിയ സ്ഥാപനത്തിന്റെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. കാറില്‍ നിന്നിറങ്ങുന്നത് സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റ് കണ്ടു. പൊന്നമ്മയുടെ എടുപ്പും നടപ്പും കണ്ട് റിസപ്ഷനിസ്റ്റ് ഭവ്യതയോടെ എഴുന്നേറ്റ് നിന്നു. സ്ഥാപനമാകെ പൊന്നമ്മ ഗന്ധം നിറഞ്ഞുനിന്നു. അകത്തുനിന്ന് രണ്ട് മൂന്ന് സ്ത്രീകള്‍ ആകാംക്ഷയോടെ അവരെത്തന്നെ നോക്കി നിന്നു. ഇരിക്കാന്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു.

‘ഈ സ്ഥാപനത്തിന്റെ എംഡി ആരാണ് പൊന്നമ്മ തിരക്കി.’ ഡോക്ടര്‍ മോഹനന്‍ കുമാര്‍
‘ഒന്ന് കാണാന്‍ പറ്റുമോ.?’
‘അദ്ദേഹം ഗള്‍ഫിലേക്ക് ഒരു വിസിറ്റിനു പോയിരിക്കുകയാണ്.’
‘എവിടെക്കാണ് പോയതെന്ന് അറിയാമോ?’
‘ഖത്തറിലേക്ക്’
‘ എപ്പോള്‍ തിരിച്ചുവരും?’
‘ ഒരാഴ്ചത്തേക്ക് ആണെന്ന് പറഞ്ഞ പോയത്’
‘അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ തരുമോ.?’
‘ഞങ്ങള്‍ക്ക് ഈ സ്ഥാപനത്തിന്റെ നമ്പര്‍ മാത്രമേ അറിയൂ. പേഴ്സണല്‍ നമ്പര്‍ അറിയില്ല.
മാഡം ആരാ?’
‘ഞാന്‍ ഡോക്ടര്‍ പൊന്നമ്മ.’
‘സാര്‍ വിളിച്ചാല്‍ പറയാം മാഡം അന്വേഷിച്ച കാര്യം.’
‘ഞാന്‍ അടുത്താഴ്ച വരാം’
പൊന്നമ്മ അവിടെ നിന്ന് തിരിച്ചു. മോഹന്‍കുമാറിനെ കുറിച്ച് കൂടുതല്‍ അറിയണം ആയിരുന്നു.
വീഴുകയാണെങ്കില്‍ ജോയിന്റ് ആയി സ്ഥാപനം നടത്തിക്കൊണ്ടു പോകാമായിരുന്നു. നല്ലൊരു സമ്പാദ്യ സ്രോതസ്സുള്ള സ്ഥാപനമാണിത്.
ആയുര്‍വേദത്തിലും അക്യുപഞ്ചറിലും ഒക്കെ വിശ്വാസം കൂടി വരുന്നുണ്ട്. സഹകരിച്ച് ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചെങ്കില്‍ അതിനുള്ള കെട്ടിട വാടക ഇന്റീരിയല്‍ അറേഞ്ച്മെന്റ് മരുന്ന് സ്റ്റോക്ക് ചെയ്യല്‍ എന്നിവയ്ക്കൊക്കെയായി ഒരുപാട് കൊടുക്കേണ്ടിവരും. അതിന്റെ പകുതി ഞാനും ഉണ്ടാക്കേണ്ടെ. വീട്ടിലെത്തും വരെ പൊന്നമ്മയുടെ ചിന്ത ഇതായിരുന്നു.
പൊന്നമ്മയ്ക്ക് ആകാംക്ഷയായി ഡോക്ടര്‍ മോഹന്‍ കുമാറിനെ കാണണം ആഗ്രഹങ്ങള്‍ പങ്കുവയ്ക്കണം.. അദ്ദേഹം വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവരാന്‍ ഒരാഴ്ച എടുക്കൂ എന്നല്ലേ പറഞ്ഞത.് അതുവരെ കാത്തുനില്‍ക്കാന്‍ പറ്റില്ല. ഡോക്ടര്‍ കുമാറിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി അദ്ദേഹത്തെ വിളിച്ചു.സംസാരം കേട്ടപ്പോള്‍ ആണെന്ന് പൊന്നമ്മയ്ക്ക് മനസ്സിലായി. വീഡിയോ കോളിലൂടെയുള്ള വിളികള്‍ തുടര്‍ന്നപ്പോള്‍ അദ്ദേഹം വീണു പോകും എന്ന് പൊന്നമ്മ വിശ്വസിച്ചു. ദിവസവും രണ്ടുനേരം വീഡിയോ കോള്‍ വിളിയായി. പൊന്നമ്മ പേര് പോലെ തന്നെ പൊന്നു പോലുള്ള രൂപത്തിലാണ്. ലാവണ്യത്തിലും സംസാരരീതികളും ആകര്‍ഷിപ്പിക്കുന്ന തരത്തിലാണ്. നാട്ടിലെത്തിയാല്‍ ഉടനെ കാണാം എന്നായി ഡോക്ടര്‍ മോഹനന്‍ കുമാര്‍. പൊന്നമ്മയും കാത്തിരിപ്പിലായി. പക്ഷേ പെട്ടെന്ന് വലയില്‍ വീഴുന്നവളെന്ന് ഡോക്ടറെ ബോധ്യപ്പെടുത്തുന്ന രീതിയിലാവണം ഇടപെടല്‍ എന്ന് പൊന്നമ്മയ്ക്ക് അറിയാം.
യഥാര്‍ത്ഥ വസ്തുതയെല്ലാം മറച്ചു വെക്കണം. ഉള്ളു തുറന്ന് എല്ലാം പറയുന്ന രീതി പാടില്ല. ഒരുപാട് ഉയര്‍ന്ന തരത്തിലുള്ള വ്യക്തികളോട് ഇടപെട്ട് ജീവിച്ചതിനാല്‍ മാന്യത പുറത്ത് കാണിക്കുന്ന പുരുഷന്മാരുടെ ഉള്ളിലിരിപ്പ് പലപ്പോഴും അനുഭവിച്ചവളാണ് പൊന്നമ്മ. തന്റെ പഴയകാല പ്രതാപത്തിന് കോട്ടം തട്ടാത്ത വിധത്തിലുള്ള അഭിനയം നടത്തിയേ പറ്റൂ. സ്വന്തമായി എന്തെങ്കിലും ഉണ്ടെന്ന് നാട്യത്തിലെങ്കിലും കാണിച്ചാലെ മറ്റുള്ളവരുടെ ആദരവിന് പാത്രമാകാന്‍ കഴിയൂ. സ്വന്തക്കാര്‍ക്ക് പോലും പിടിപാട് കൊടുക്കാതെയാണ് അച്ഛന്റെയും മകളുടെയും യാത്ര. ഡോക്ടര്‍ മോഹനന്‍ കുമാറിന്റെ അടുത്തും തന്റെ മോഡിയും ഹുങ്കും അല്‍പം പോലും കുറയാതെ ആയിരുന്നു സംസാരിച്ചിരുന്നത്.
അങ്ങിനെ ഡോക്ടര്‍ മോഹനന്‍ കുമാറിനെ നേരിട്ട് കാണാന്‍ പൊന്നമ്മ എത്തി. തിളങ്ങുന്ന ചുരിദാറിനകത്തെ വെണ്മയൂറുന്ന മേനിയുടെ അല്‍പഭാഗം പുറത്തു കാണത്തക്ക രീതിയില്‍ ആയിരുന്നു വേഷവിധാനം. ചുരുളന്‍ തലമുടി ഇരു ഭാഗത്തേക്കും കോതി വെച്ച് മുഖഭാവം ആകര്‍ഷകമായിരുന്നു. നിമ്നോന്നമായ മാറിടത്തിലേക്കും പിന്‍ഭാഗത്തേക്കും ആരുടെയും കണ്ണുടയ്ക്കുന്ന രീതിയിലായിരുന്നു നടത്തവും കൈവീശലും. ഇതൊക്കെ കാറില്‍ നിന്ന് ഇറങ്ങി നടന്നുവരുന്ന പൊന്നമ്മയുടെ ശരീര ലാവണ്യം ജനല്‍ പാളിയിലൂടെ ഡോക്ടര്‍ ശ്രദ്ധിക്കുകയായിരുന്നു. ഓഫീസിനകത്തേക്ക് കയറുമ്പോള്‍ അവിടെ ആകെ സുഗന്ധപൂരിതമാക്കുന്ന സ്പ്രേയുടെ പരിമളം പരന്നു. ഡോക്ടര്‍ ഓഫീസ് മുറിയുടെ പുറത്തേക്ക് വന്നു. പൊന്നമ്മയെ സീറ്റിലേക്ക് സ്വീകരിച്ചിരുത്തി. തന്റെ മുന്നില്‍ എത്തിയ വനിത ഏതോ അപ്സര സ്ത്രീയാണെന്ന് ഡോക്ടര്‍ ധരിച്ചു.
അഞ്ചു പത്തു മിനിറ്റ് നേരം അവരുടെ വശ്യതയാര്‍ന്ന അവരുടെ ചിരിയിലും സംസാരത്തിലും ഡോക്ടര്‍ ആകൃഷ്ട്ടനായി. ചുരുളഴിക്കാന്‍ തുടങ്ങി. പക്ഷേ എല്ലാം തുറന്നു പറഞ്ഞില്ല. ചില ഭാഗങ്ങളെല്ലാം മറച്ചു വെച്ചായിരുന്നു സംസാരം. വിവാഹമോചിതയാണെന്ന് വസ്തുതയും അതിലേക്ക് നയിച്ച കാരണങ്ങളും കേട്ടപ്പോള്‍ ഡോക്ടര്‍ക്ക് പൊന്നമ്മയോട് വല്ലാത്ത… ആരുടെയും വരുതിയില്‍ നില്‍ക്കാതെ സ്വതന്ത്രയായിട്ടാണ് ജീവിച്ചു വരുന്നത് എന്നതും ഡോക്ടര്‍ക്ക് ഇഷ്ടമായി.
അച്ഛനെ സ്വത്തും പണവും വേണ്ടുവോളം ഉണ്ടെന്ന് ഡോക്ടറെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പൊന്നമ്മ ശ്രമിച്ചു. അവള്‍ക്ക് ആരെയും ദ്രോഹിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം എന്നതാണ് മോഹം എന്നും അതിനായി ഇപ്പോള്‍ പരിശീലനം തേടിയ അക്യുപഞ്ചര്‍ ചികിത്സയ്ക്ക് ഒരു വഴി തേടുകയാണ് എന്നും അപ്പോഴാണ് ഡോക്ടറുടെ ഈ സ്ഥാപനം ശ്രദ്ധയില്‍ പെട്ടതെന്നും പൊന്നമ്മ പറഞ്ഞു. നമുക്ക് സഹകരിച്ചു ചെയ്യാന്‍ പറ്റുമോ എന്നു കൂടി അറിയാനാണ് ഞാന്‍ വന്നത്. ഡോക്ടര്‍ പെട്ടെന്ന് പ്രതികരിച്ചു.
‘അതിനെന്താ പൊന്നമ്മയെ പോലുള്ള ഒരാള്‍ കൂടി ഒന്നിച്ചുണ്ടായാല്‍.’
നിര്‍ത്തും മുന്നേ അവള്‍ പറഞ്ഞു
‘തേടിയ വള്ളി കാലില്‍ ചുറ്റി’ അവള്‍ മാസ്മരികമായി ചിരിച്ചു.
എസി മുറിയിലെ തണുപ്പില്‍ അവള്‍ പരവശയായി ഡോക്ടറുടെ കാല്‍ പാദങ്ങളില്‍ അവളുടെ കാല്‍ സ്പര്‍ശിച്ചു. അതിനായി കാത്തുനില്‍ക്കുകയായിരുന്നു ഡോക്ടര്‍. സ്പര്‍ശനസുഖം അവര്‍ ഇരുവരും ആസ്വദിച്ചു. റൂമിലേക്ക് സ്റ്റാഫ് കടന്നു വന്നപ്പോഴാണ് ഇരുവരും കാലുകള്‍ പിന്‍വലിച്ചത്.
‘നമുക്ക് ഭാവി കാര്യങ്ങളെക്കുറിച്ച് നേരിട്ട് സംസാരിക്കാം. പൊന്നമ്മയ്ക്ക് വൈകുന്നേരം ഇവിടെ വരാന്‍ പറ്റുമോ.ഞാന്‍ ഇതിന് അടുത്ത് തന്നെ ക്വാര്‍ട്ടേഴ്സ് വാടകയ്ക്ക് എടുത്തിട്ടുണ്ട് അവിടെ ഇരുന്ന് സംസാരിക്കാം.’
സാറിന്റെ കുടുംബം.?
‘ഞങ്ങളുടെ വീട് ഇവിടെ നിന്ന് കുറച്ച് അകലെയാണ്. അവിടെയാണ് താമസം. ഞാന്‍ ചിലപ്പോഴൊക്കെ വീട്ടിലെത്താറുള്ളൂ. അധികവും ടൂറിലാണ്. ചില സമയത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കും.’
മക്കള്‍.?
അവള്‍ ആകാംക്ഷയോടെ ആരാഞ്ഞു.
‘ഇല്ല, വിവാഹം കഴിഞ്ഞിട്ട് നാലഞ്ചു വര്‍ഷമായി. ‘
പൊന്നമ്മ വൈകിട്ട് കാണാം എന്ന് പറഞ്ഞ് കൈകൂപ്പി എഴുന്നേറ്റു. അവളുടെ തിരിച്ചുപോക്കും ഡോക്ടര്‍ ആവോളം ആസ്വദിച്ചു. മനസ്സില്‍ സ്വപ്നങ്ങള്‍ നെയ്തു കൊണ്ടായിരുന്നു പൊന്നമ്മ കാര്‍ ഡ്രൈവ് ചെയ്തത്. ഡോക്ടറെ വശത്താക്കാന്‍ പറ്റുന്ന ട്രിക്കുകളെ കുറിച്ചായിരുന്നു അവളുടെ ചിന്ത വൈകുന്നേരം ആകാന്‍ കൊതിക്കുകയായിരുന്നു അവള്‍.

(തുടരും)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page