കണ്ണൂര്‍: മലയോര ഹൈവേയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയിലെ വ്യാപാരി കിഴക്കേല്‍ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി(59)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ മലയോര ഹൈവേയില്‍ ചെറുപുഴ റൂട്ടില്‍ കോടോപ്പള്ളിയിലായിരുന്നു അപകടം. ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടിയില്‍ യാത്ര ചെയ്യവേയായിരുന്നു അപകടം. കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറിലിടിച്ച്, സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു. ഇടിച്ചതിന് ശേഷം ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ പോയി. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. ആലക്കോട് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. അപകടമുണ്ടാക്കിയ ഗുഡ്‌സ് ഓട്ടോയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കള്‍: സുബിന്‍, സുനു(അയര്‍ലന്റ്). മരുമക്കള്‍: ഷെല്‍ജ, മനോജ്. സഹോദരങ്ങള്‍: സജി, ഫാദര്‍ ജോണി.