കണ്ണൂര്‍: പഴയങ്ങാടി, താവംപള്ളിക്കരയില്‍ വീടിനു നേരെ നാടന്‍ ബോംബേറ്. വളപ്പില്‍ പീടികയില്‍ കുഞ്ഞാമിനയുടെ വീടിനു നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ആദ്യത്തെ ബോംബേറ്. വലിയ ശബ്ദത്തോടെ ബോംബ് പൊട്ടിയത് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍, രണ്ടു ബോംബുകള്‍ കൂടി എറിഞ്ഞു. ഭീതിയിലായ വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. ഇതിനിടയില്‍ വീട്ടിനകത്ത് മുഴുവന്‍ പുക നിറഞ്ഞു. ഇതു കാരണം പുറത്തെ കാഴ്ചകളൊന്നും കാണാന്‍ കഴിഞ്ഞില്ല. അക്രമം നടന്ന സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
വിവരമറിഞ്ഞ് കണ്ണപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ബാബുമോന്‍, എസ്.ഐ. കെ. ശൈലേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മണല്‍ മാഫിയാ സംഘമാണോ ബോംബേറിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ ശ്രദ്ധ തിരിക്കുകയാണോ അക്രമത്തിനു പിന്നിലെ ലക്ഷ്യമെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
