കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ പ്രതികളെ ചോദ്യം ചെയ്യല്‍ സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ച എറണാകുളം സിബിഐ കോടതി ജഡ്ജി ശേഷാദ്രിനാഥനാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്. കേസ് നേരത്തെ പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലം മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയത്.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തന്നിത്തോടിനു സമീപത്തുവച്ച് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നുവെന്നാണ് പൊലീസ് കേസ്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് സിബിഐ അന്വേഷിച്ചത്.
കേസിന്റെ സാക്ഷി വിസ്താരം എറണാകുളം സിബിഐ കോടതിയില്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. സാക്ഷിവിസ്താരം പൂര്‍ത്തിയായതിനു പിന്നാലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ആരംഭിക്കേണ്ടതായിരുന്നു. ജഡ്ജി സ്ഥലം മാറിയതാണ് ഇതിനു കാലതാമസം ഉണ്ടാക്കിയത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള മുഖ്യപ്രതികള്‍ ഇപ്പോഴും റിമാന്റിലാണ്.`