കാസര്‍കോട്: പരാതികള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ വിസ്മയയെ മുഹമ്മദ് അഷ്ഫാഖ് സ്വന്തമാക്കി. ഇരുവരും തമ്മിലുള്ള വിവാഹ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനാണ്. ഇയാളും മംഗ്ളൂരുവില്‍ ബി.സി.എ വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ എന്ന പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഏതാനും മാസം മുമ്പ് വിസ്മയയെ കാണാതായി. വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ വിദ്യാനഗര്‍ പൊലീസ് കേസെടുക്കുകയും അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ വിസ്മയ സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. അതിനുശേഷം വിസ്മയയെ വീട്ടുകാര്‍ ഉള്ളാളിലെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി. അവിടെ നിന്നു മകളെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുഹമ്മദ് അഷ്ഫാഖ് വിവാഹിതനാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പരാതിയില്‍ പറഞ്ഞു. പിന്നീട് വിസ്മയയെ കണ്ടെത്തുകയും കൗണ്‍സിലിംഗ് സെന്ററിലേയ്ക്ക് അയക്കുകയും ചെയ്തു. ഇതിനിടയില്‍ വിസ്മയയെ തട്ടിക്കൊണ്ടു പോയെന്നു കാണിച്ച് അഷ്ഫാഖ് ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് കേരള പൊലീസിന്റെ സഹായത്തോടെ വിസ്മയയെ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അഷ്ഫാഖിനൊപ്പം ജീവിക്കുന്നതിനാണ് ആഗ്രഹമെന്ന് വിസ്മയ കോടതിയില്‍ വ്യക്തമാക്കി. കോടതി ഇത് അംഗീകരിച്ചതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ വിവാഹിതരായിയെന്നു വ്യക്തമാക്കുന്ന ഫോട്ടോകള്‍ പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹം നടന്നുവെന്നു വ്യക്തമാക്കിക്കൊണ്ട് വി.എച്ച്.പി നേതാവ് ശരണ്‍ പമ്പ്വെല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തു. ‘താങ്കളുടെ മകളെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും ക്ഷമിക്കണമെന്നു’മാണ് പോസ്റ്റില്‍ പറയുന്നത്.