മധ്യവയസ്‌കരായ സ്ത്രീകളെ ഇഷ്ടമല്ല, കൊലപ്പെടുത്തിയത് 9 സ്ത്രീകളെ; കഴുത്ത് ഞെരിച്ച് കൊല ചെയ്യുന്ന സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

 

മധ്യവയസ്‌കരായ സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് പ്രതി കുല്‍ദീപ് കുമാര്‍(35) സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ 14 മാസത്തിനിടെ യുപിയിലെ ബറേലി ജില്ലയിലാണ് കൊലപാതകങ്ങള്‍ നടന്നത്.
ഷാഹി-ഷീഷ്ഗഢ് മേഖലയിലെ ഒമ്പത് സ്ത്രീകളെയും  ഇയാള്‍ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പൊലീസ് പറഞ്ഞു. കുല്‍ദീപിന് മാനസികാസ്വാസ്ഥ്യമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കുല്‍ദീപിന്റെ ബാല്യകാലത്ത് സ്വന്തം മാതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ പിതാവ് വേറെ വിവാഹം കഴിച്ചിരുന്നു. കൂടാതെ പിതാവ് കുല്‍ദീപിന്റെ മാതാവിനോട് വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ കുല്‍ദീപിന്റെ ബാല്യകാലം ദുഷ്‌കരമായിരുന്നുവെന്ന് പറയുന്നു. കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങള്‍ ഇയാളുടെ മാനസീക നിലയെ ബാധിച്ചിരുന്നു. വിവാഹ ശേഷം സ്വന്തം ഭാര്യയോടും കുല്‍ദീപ് മോശമായാണ് പെരുമാറിയത്. കുല്‍ദീപ് പിന്നീട് മദ്യപാനത്തില്‍ ഏര്‍പ്പെടുകയും താമസിയാതെ സമീപത്തെ കാട്ടിലെ സ്ത്രീകളെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങുകയും ചെയ്തു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഒറ്റപ്പെട്ടതും വിജനമായ സ്ഥലങ്ങളില്‍ കണ്ട മധ്യവയസ്‌കരായ സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്ത്രീകളുടെ സാരിയുടെയോ ദുപ്പട്ടയുടെയോ  ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയാണ് കുല്‍ദീപിന്റെ രീതിയെന്ന് പൊലീസ് വെളിപ്പെടുത്തി.
പ്രധാനമായും ഷാഹി, ഷീഷ്ഗഡ് പ്രദേശങ്ങളിലെ വനത്തില്‍ മധ്യവയസ്‌കരായ ആറ് സ്ത്രീകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഷാഹി, ഷീഷ്ഗഡ് പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അനുരാഗ് ആര്യ പറഞ്ഞു. കൊല്ലപ്പെട്ട നാല് സ്ത്രീകളുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവയും കുല്‍ദീപിന്റെ കൈവശം നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ വര്‍ഷം ജൂലൈ 22നാണ് കുസ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുല്‍ദീപിന്റെ നീക്കങ്ങള്‍ കണ്ടെത്താന്‍ പൊലീസ് 1500 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഏകദേശം 25 കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് സംഘങ്ങളെ തുടര്‍ച്ചയായി പട്രോളിങ്ങിന് വിന്യസിച്ചിരുന്നു. ഏകദേശം 5 മാസത്തോളം തുടര്‍ച്ചയായ തിരച്ചിലുകള്‍ക്കും സാക്ഷികളെ ചോദ്യം ചെയ്തതിനും ശേഷം ബറേലി പൊലീസ് കുല്‍ദീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് മത്തിയയുടെ തീരത്ത് നിന്ന് കുല്‍ദീപിനെ അറസ്റ്റ് ചെയ്തത്. ഹൗജ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അനിതാ ദേവിയാണ് കുല്‍ദീപ് അവസാനം കൊലപ്പെടുത്തിയത്. ജൂലൈ 2 നാണ് മൃതദേഹം കണ്ടെത്തിയത്. ഖജൂരിയ ഗ്രാമത്തില്‍ നിന്നുള്ള കുസ്മ ആയിരുന്നു ആദ്യത്തെ ഇര.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page