കാസര്‍കോട്: ഓട്ടം കഴിഞ്ഞ് പെട്രോള്‍ പമ്പിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസുകളില്‍ നിന്നു 285 ലിറ്റര്‍ ഡീസല്‍ ചോര്‍ത്തിയെടുത്തു. ബദിയഡുക്ക-കുമ്പള റൂട്ടിലോടുന്ന അരിയപ്പാടി ബസില്‍ നിന്നു 135 ലിറ്റര്‍ ഡീസലും കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന് ബസില്‍ നിന്നു 150 ലിറ്റര്‍ ഡീസലുമാണ് ചോര്‍ത്തിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് സര്‍വ്വീസ് കഴിഞ്ഞ ശേഷം ഡീസല്‍ നിറച്ച് പെട്രോള്‍ പമ്പിനു സമീപത്തു നിര്‍ത്തിയിട്ടതായിരുന്നു ബസുകള്‍. ശനിയാഴ്ച രാവിലെ സര്‍വ്വീസ് ആരംഭിക്കാനെത്തിയപ്പോഴാണ് ഡീസല്‍ ചോര്‍ത്തിയെടുത്ത കാര്യം അറിഞ്ഞത്. അരിയപ്പാടി ബസ് ഉടമ അബ്ദുല്‍ സത്താറിന്റെയും ഗുരുവായൂരപ്പന് ബസ് കണ്ടക്ടര്‍ അവിനാഷിന്റെയും പരാതി പ്രകാരം കുമ്പള പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പൊലീസെത്തി പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കാറിലെത്തിയ സംഘമാണ് ഡീസല്‍ ചോര്‍ത്തിയതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
