കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോഴും തട്ടിപ്പ് വ്യാപകം. കുമ്പളയിലെ യുവാവിനു 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബദ്‌രിയ നഗറിലെ അബ്ദുല്‍ മിഷാലി(27)നാണ് പണം നഷ്ടപ്പെട്ടത്. ഇയാള്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്വദേശിയായ ആനന്ദ് വിസ്മയ എന്ന ആളാണ് പണം തട്ടിയതെന്നു പരാതിയില്‍ പറഞ്ഞു. ടൈറ്റാന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 2023 ഡിസംബര്‍ 13,14 തിയതികളിലാണ് പണം വാങ്ങിയതെന്നു അബ്ദുല്‍ മിഷാല്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതേ സമയം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഓരോ ദിവസവും തട്ടിപ്പിനു ഇരയാകുന്നവര്‍ പരാതികളുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ ഈ നമ്പരില്‍ വിളിച്ചാല്‍ ആളുകള്‍ക്ക് പണം നഷ്ടപ്പെടുന്ന സാധ്യത ഇല്ലാതാക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.
