പാരീസ്: ഒളിമ്പിക് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ സ്വര്‍ണ മെഡല്‍ കാത്തിരുന്ന ഇന്ത്യയ്ക്ക് കനത്ത നിരാശ. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ എത്തിയ വിനേഷിനെ അയോഗ്യയാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മത്സരിക്കാനിരിക്കെയാണ് താരം ഭാരപരിശോധനയില്‍ പരാജയപ്പെട്ടത്.
അനുവദനീയം ആയതിലും 100 ഗ്രാം കൂടുതലാണ് വിനേഷിന്റെ ഭാരമെന്നാണ് കണ്ടെത്തല്‍. മത്സര നിയമം അനുസരിച്ച്, വിനേഷിന് മെഡലിന് യോഗ്യതയുണ്ടാവില്ല. ഇതോടെ ഉറപ്പായ ഒരു മെഡലാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാംപ്യനും നാലുവട്ടം ലോകചാംപ്യനുമായ ജപ്പാന്റെ യുയി സുസാകിയെ മലര്‍ത്തിയടിച്ചിരുന്നു. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യന്‍ ഒക്സാന ലിവാച്ചിനെയാണ് തുരത്തിയത്. സെമിഫൈനലില്‍ ക്യൂബന്‍ താരം ഗുസ്മാന്‍ ലോപ്പസ് യുസ്‌നിലിസിനേയുമാണ് താരം പരാജയപ്പെടുത്തിയത്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കളേ ഉണ്ടാകുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. റിയോ ഒളിമ്പിക്സില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഇതിന് ശേഷം 53 കിലോ ഗ്രാം വിഭാഗത്തിലും ഇറങ്ങിയിരുന്നു. പിന്നീട് ഹോര്‍മോണ്‍ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശരീരഭാരം കുറച്ചാണ് താരം പാരിസില്‍ 50 കിലോ ഗ്രാം വിഭാഗത്തില്‍ കളിക്കാനിറങ്ങിയത്.