കാസര്‍കോട്: മുക്കിനു മുക്കിനു മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചിരിക്കെ കര്‍ണ്ണാടക പാക്കറ്റ് മദ്യവില്‍പ്പന നാടെങ്ങും തകൃതിയിലായിരിക്കുന്നു. മറ്റു തൊഴിലുകളിലെന്ന പോലെ അപകടകരമായ മദ്യക്കടത്ത് മേഖലയിലും അതിഥി തൊഴിലാളികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കൂലിപ്പണിക്ക് സംസ്ഥാനത്തെത്തിയ ഇവര്‍ ഇതും കൂലിക്കാണ് ചെയ്യുന്നത്. എന്നാല്‍ സമര്‍ത്ഥരായ ചിലര്‍ പിന്നീട് സ്വന്തമായി ആദായകരമായ തൊഴിലായി ഇതു തെരഞ്ഞെടുക്കുന്നു.
കാസര്‍കോട് ജില്ലയില്‍ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചാണ് മദ്യവില്‍പ്പന തകൃതിയില്‍ നടക്കുന്നത്. കുമ്പളയില്‍ പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെയുള്ള സ്‌കൂള്‍ റോഡ് മദ്യമാര്‍ക്കറ്റായിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ഇവിടെ റോഡരുകില്‍ ഒഴിഞ്ഞ കര്‍ണ്ണാടക മദ്യത്തിന്റെ പാക്കറ്റുകള്‍ കുന്നുകൂടുന്നു. കാസര്‍കോട്ട് പുതിയ ബസ്്സ്റ്റാന്റ് പരിസരങ്ങളും മദ്യവില്‍പ്പന കേന്ദ്രങ്ങളാണെന്നു പറയുന്നുണ്ട്. മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തുള്ളതു അനധികൃത മദ്യവില്‍പ്പനക്കു കരുത്തു പകരുന്നുണ്ടെന്നു സംസാരമുണ്ട്.