കാസർകോട്: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊഗ്രാൽ ജംഗ്ഷനിലുള്ള എ ടി എമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച പ്രതി അറസ്റ്റിൽ. മൊഗ്രാൽ കൊപ്പളത്തെ മൂസ ഫഹദി(22)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറും സംഘവും ഞായറാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ‘റോബിൻ വുഡ് ‘ എന്ന സിനിമയിലെ രംഗങ്ങളാണ് കവർച്ചാശ്രമത്തിനു പ്രേരിപ്പിച്ചതെന്ന് മൂസ ഫഹദ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ കേരള പൊലീസാണോ, ദുബായ് പൊലീസാണോ മിടുക്കരെന്ന് പരീക്ഷിക്കുകയായിരുന്നു കവർച്ചാ ശ്രമത്തിനു പിന്നിലെന്നും പൊലീസിനു മൊഴി നൽകി. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാശ്രമത്തിനു ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നാലുവർഷം ഗൾഫിലായിരുന്നു അറസ്റ്റിലായ മൂസ ഫഹദ്. പൊലീസ് സംഘത്തിൽ ഗോകുൽ, വിനോദ് ചന്ദ്രൻ, മനു, മനോജ്, പ്രമോദ്, സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.