മദ്യപിച്ച് വാഹനമോടിച്ച് തിരക്കേറിയ റോഡില്‍ അധ്യാപികയെ ഇടിച്ച് കൊലപ്പെടുത്തിയ 24 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വിരാറില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരാറിലെ വിവ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ ആത്മജ കസാതി(45)നെയാണ് ഫോര്‍ച്യൂണര്‍ ഇടിച്ച് തെറിപ്പിച്ചത്. ശുഭം പാട്ടീല്‍ എന്ന 24കാരനായ ക്വാറി ഉടമയായിരുന്നു മദ്യ ലഹരിയില്‍ അപകടത്തിനിരയാക്കിയ കാര്‍ ഓടിച്ചിരുന്നത്. വൈകീട്ട് കോളേജില്‍ നിന്ന് വീട്ടിലേക്ക് നടന്ന് വരികയായിരുന്ന അധ്യാപികയെ പിന്നില്‍ നിന്ന് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിലേക്ക് വീണ ആത്മജയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തടിച്ചുകൂടിയ ആളുകള്‍ ഫോര്‍ച്യൂണറും കാറിലുണ്ടായിരുന്നവരേയും തടഞ്ഞ് വച്ച് പൊലീസിനെ അറിയിച്ചു. മൂന്ന് സുഹുത്തുക്കളാണ് ശുഭം പാട്ടീലിനൊപ്പം കാറിലുണ്ടായിരുന്നത്. മദ്യ കുപ്പികള്‍ പൊലീസ് കാറിനുള്ളില്‍ നിന്നും കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളില്‍ വച്ച് യുവാക്കള്‍ മദ്യപിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. വെള്ളിയാഴ്ച വൈകീട്ടോടെ സംസ്‌കാരം നടന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം വിരാറില്‍ ആയിരുന്നു അധ്യാപിക താമസിച്ചിരുന്നത്. അശ്രദ്ധയോടെയും മദ്യപിച്ചും വാഹനമോടിച്ചതു മരണകാരണമായെന്നും യുവാവിനെ അറസ്റ്റ് ചെയ്തതായും അര്‍നാല സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് പാട്ടീല്‍ പറഞ്ഞു.