പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞ യുവാവിനെ കോടതി രണ്ട് വര്‍ഷം കഠിന തടവ് ശിക്ഷിച്ചു. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് പത്തൊന്‍പതുകാരനായ യുവാവിനെ ശിക്ഷിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേ വിധിന്യായത്തില്‍ പറഞ്ഞു. 2019 സെപ്റ്റംബറിലായിരുന്നു സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ യുവാവ് തന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൊണ്ട് പോയി കൈപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ‘ഐ ലവ് യൂ’ എന്ന് കൈയില്‍ പിടിച്ച് പറഞ്ഞ് കൊണ്ട് യുവാവ് അടുത്തേക്ക് വലിക്കുകയായിരുന്നു. കണ്ണീരോടെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കുട്ടി സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് യുവാവിന്റെ വാദം. പക്ഷേ, തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ പെണ്‍കുട്ടി സംഭവം മാതാവിനെ അറിയിക്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാളുടെ വാദം തള്ളിയത്.