കാസര്‍കോട്: കെ.എസ്.ആര്‍.ടിസി ബസില്‍ നിന്ന് ഒരുകിലോ കഞ്ചാവ് കണ്ടെടുത്തു. ബസിന്റെ ലഗേജ് കാരിയറില്‍ ചുവന്ന ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഭണ്ഡാര മോഷ്ടാവ് ബസില്‍ വരുന്നുണ്ടെന്ന് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബസ് സ്‌റ്റേഷന് മുന്നില്‍ തടഞ്ഞ് പരിശോധന നടത്തിയത്. മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബസില്‍ നടത്തിയ തെരച്ചിലിലാണ് ബസിന്റെ ലെഗേജ് കാരിയറില്‍ ചുവന്ന ബാഗില്‍ കഞ്ചാവ് കണ്ടെത്തിയത്. അതേസമയം ബാഗിന്റെ ഉടമയെ കണ്ടെത്താനായില്ല.