വൊര്‍ക്കാടി: വൊര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ പാത്തൂര്‍ വില്ലേജ് പരിധിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈദ്യുതി- റോഡ് വിഭാഗങ്ങള്‍ക്കും ആറു സ്ഥലങ്ങളില്‍ വന്‍ അപകട ഭീഷണി നിലനില്‍ക്കുന്നുവെന്ന് വൊര്‍ക്കാടി പഞ്ചായത്തു മെമ്പര്‍ ബി എ അബ്ദുല്‍ മജീദ് ജില്ലാ കളക്ടറെ മുന്നറിയിച്ചു. അതിശക്തമായ കാറ്റും മഴയും അപകടങ്ങളും നാടുമുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കെ അത്തരം അപകടങ്ങള്‍ക്കു വൊര്‍ക്കാടിയില്‍ അധികൃതര്‍ കാത്തിരിക്കുകയാണെന്നു സംശയിക്കേണ്ട സ്ഥിതിയിലാണ് അപകട ഭീഷണിയെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പാത്തൂര്‍ ബസ്സ്റ്റാന്റ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നു. പാത്തൂര്‍ പഞ്ചായത്തു റോഡിലെ ഖണ്ഡികയില്‍ അപകട ഭീഷണി ഉയര്‍ത്തി ഒരു മരം നില്‍ക്കുന്നു. കുടുമ്പള സടിമലെ പൈപ്പ് കള്‍വര്‍ട്ട് ബ്ലോക്കായി മലിനജലം റോഡിലൊഴുകുന്നു. ബാക്രബൈലില്‍ മരം അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. മളിഞ്ചൂര്‍ സൂര്യേശ്വരക്ഷേത്രം, സിപ്പ ഖണ്ഡികയില്‍ മരം വീണ് അപകട നിലയിലായ വൈദ്യുതി പോസ്റ്റ് എന്നിവയാണ് അടിയന്തര പരിഹാരമുണ്ടാക്കേണ്ട അപകടഭീഷണികളെന്ന് പരാതിയില്‍ പറഞ്ഞു.
