തിരുവനന്തപുരം: കനത്തമഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള പന്ത്രണ്ടു ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജ് , മദ്രസ, കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി സ്‌കൂള്‍ അധികാരികള്‍ ക്രമീകരിക്കണം. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മലപ്പുറം, വയനാട്, കോഴിക്കോട് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.