കാസര്‍കോട്: ഐ.എസ്.ആര്‍.ഒയില്‍ ഉദ്യോഗസ്ഥയാണെന്നു തെറ്റിദ്ധരിപ്പിച്ച് നിരവധി പേരില്‍ നിന്നു ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും കൈക്കലാക്കിയ ചെമ്മനാട്, കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി. മൈലാട്ടി, കിഴക്കേക്കരയിലെ ദേവിദാസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. 73,000 രൂപയും 83.81 ഗ്രാം സ്വര്‍ണ്ണവും കൈക്കലാക്കി തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ദേവിദാസിന്റെ പരാതി. ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട യുവാവുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്തുവെന്ന കേസില്‍ ശ്രുതിയെ ഏതാനും ദിവസം മുമ്പാണ് മേല്‍പ്പറമ്പ് പൊലീസ് കര്‍ണ്ണാടക ഉഡുപ്പിയിലെ ലോഡ്ജില്‍ വച്ച് അറസ്റ്റ് ചെയ്തത്. യുവതി ഇപ്പോള്‍ റിമാന്റിലാണ്. ഇതിനു പിന്നാലെയാണ് ദേവിദാസ് പൊലീസില്‍ പരാതി നല്‍കിയത്. പണത്തിനു അത്യാവശ്യം ഉണ്ടെന്നും ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറഞ്ഞാണ് ശ്രുതി സുഹൃത്തുക്കളില്‍ നിന്നു സ്വര്‍ണ്ണവും പണവും കൈക്കലാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തിരികെ ചോദിച്ചാല്‍ പൊലീസില്‍ പരാതി കൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു ശ്രുതിയുടെ രീതിയെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയും നിരവധി യുവാക്കളെ വലയിലാക്കിയതായും സംശയിക്കുന്നു. ശ്രുതിയുടെ തട്ടിപ്പിനു പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഇരകളായതായും വിവരമുണ്ട്. എന്നാല്‍ നാണക്കേടും ജോലി നഷ്ടപ്പെടുമോ എന്ന ഭയവും കാരണം ആരും പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല.
