കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചു. മദ്യഷോപ്പിലെ സിസിടിവിയില്‍ നിന്ന് മോഷ്ടാക്കളായ രണ്ടു പേരുടെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ് സംഘം. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ചുമര്‍ തുരന്നു അകത്തു കടക്കാനായിരുന്നു ആദ്യ ശ്രമം. ചുമര്‍ തുരന്നുവെങ്കിലും മദ്യക്കുപ്പികള്‍ നിറച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ അട്ടിവച്ചതിനാല്‍ അതുവഴി അകത്തേക്കു കടക്കാനായില്ല. തുടര്‍ന്ന് ഷട്ടര്‍ പൊളിച്ച് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ചാക്കില്‍ കെട്ടിവച്ചിരുന്ന നാണയങ്ങളും മദ്യക്കുപ്പികളുമായാണ് കടന്നത്. പത്തുലക്ഷത്തിലേറെ രൂപ സൂക്ഷിച്ചിരുന്ന ലോക്കര്‍ മോഷ്ടാക്കള്‍ക്കു കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ് വന്‍ കവര്‍ച്ച പരാജയപ്പെട്ടത്.
