മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് 10 വയസുകാരിക്ക് ദാരുണാന്ത്യം. പിതാവിന് ഗുരുതര പരിക്ക്. കര്‍ണാടക ഉജിരെ സ്വദേശിനിയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനര്‍ഘ്യ (10) ആണ് മരിച്ചത്. പിതാവ് ഗുരുപ്രസാദ് ഗോഖലെ(40) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച വൈകീട്ട് ഉജിരെയിലെ വീട്ടില്‍ നിന്ന് കല്‍മഞ്ഞ കുഡെഞ്ചിയിലെ തറവാട്ടിലേക്ക് പോവുകയായിരുന്നു ഗുരുപ്രസാദും മകളും. ദേശീയപാതയില്‍ സീതു മുണ്ടജെയില്‍ വച്ചാണ് ബൊലേറോ ജീപ്പ് ബൈക്കില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെയും മകളെയും ഉജിരെയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനര്‍ഘ്യ മരിച്ചത്. രക്ഷപ്പെട്ട ജീപ്പിനെ പിന്നീട് സീതു-കാര്യത്തൊടി റോഡിലൂടെ കാടുകയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ നാട്ടുകാരും വൈദ്യുതി ലൈന്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞുവച്ചു. പിന്നീട് ബെല്‍ത്തങ്ങാടി പൊലീസില്‍ ഏല്‍പ്പിച്ചു. ജീപ്പില്‍ നാല് യുവാക്കള്‍ ഉണ്ടായിരുന്നതായും ഒരാള്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. ബെല്‍ത്തങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ധര്‍മ്മസ്ഥല പൊലീസിന് കൈമാറി. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു.
കല്‍മഞ്ചയിലെ കുഡെഞ്ചിയിലാണ് ഗുരുപ്രസാദ് ഗോഖലെയുടെ തറവാട്. ദിവസേനയുള്ള യാത്രാ പ്രശ്‌നം പരിഹരിക്കാനായി ഉജിരെയില്‍ വാടകയ്ക്ക് വീട് എടുത്തു താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ പിതാവും മകളും തറവാട്ടു വീട്ടിലേക്ക് പോവുകയായിരുന്നു.







