ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്‌മെന്റിലെ വെള്ളക്കെട്ടില്‍ മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശി നവീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി.
അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. വെള്ളം കയറുന്നത് കണ്ട പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു. ബേസ്‌മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുമെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച സ്വാതി മലിവാള്‍ എംപിയും സ്ഥലത്തെത്തി. ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.







