കൊച്ചി: വന്ദേഭാരത് എക്സ്പ്രസില്‍ നിന്നും ലഭിച്ച പ്രഭാതഭക്ഷണ പൊതിയില്‍ നിന്നും പാറ്റകള്‍. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട വന്ദേഭാരതിലാണ് പാറ്റകളെ കണ്ടെത്തിയത്. ചെങ്ങന്നൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന കുടുംബമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പൊതി തുറന്നപ്പോള്‍ പാറ്റകള്‍ ഓടികളിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് യാത്രക്കാരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ പുറത്തേക്ക് വരുകയായിരുന്നുവെന്നും പാറ്റകള്‍ ഓടികളിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും യാത്രക്കാരന്‍ പരാതിയില്‍ പറയുന്നു.
ഭക്ഷണപ്പൊതികള്‍ സൂക്ഷ്മമായും വൃത്തിയോടെയുമാണ് പാക്ക് ചെയ്യുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ആഴ്ചയില്‍ ഒരിക്കലാണ് വന്ദേഭാരത് ട്രെയിനില്‍ പെസ്റ്റ് കണ്‍ട്രോള്‍ സര്‍വീസ് നടത്തുന്നത്. ഒരു ദിവസത്തിന് ശേഷമേ റാക്കുകള്‍ വീണ്ടും ഉപയോഗിക്കാനാകു എന്നതു കൊണ്ടാണിങ്ങനെ ക്രമീകരിക്കുന്നതെന്നും റെയില്‍വേ പറയുന്നു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് റെയില്‍വെ അധികൃതര്‍ വിശദീകരിച്ചു. കാരണം എന്തായാലും വന്ദേഭാരത് പോലൊരു ഏറെ കൊട്ടിഘോഷിക്കപ്പെട്ട ട്രെയിനില്‍ ഇങ്ങനെയൊരു വീഴ്ച പാടുണ്ടോ എന്നാണ് യാത്രക്കാരുടെ മറുചോദ്യം. എന്തായായും റെയില്‍വെ പൊലീസെത്തി യാത്രക്കാരുടെ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്.







