ദുരിതയാത്രയ്ക്ക് അറുതിയാവും; മംഗളുരുവിലേക്കുള്ള മൂന്ന് ട്രെയിനുകൾക്ക് ഒരു ജനറൽ കോച്ച് അനുവദിച്ചു

 

യാത്രക്കാരുടെ തിരക്കുകൾ പരിഗണിച്ചു വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ റെയിൽവേ അനുവദിച്ചു. മംഗളൂരു വരെ പോകുന്ന മൂന്ന് ട്രയിനുകൾക്ക് ജനറൽ കോച്ചുകളും ഒരു ട്രെയിനിന് സെക്കൻഡ് സിറ്റിംഗ് കോച്ചുമാണ് റെയിൽവെ അധികമായി അനുവദിച്ചത്. ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, മലബാർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചു. കൂടാതെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
മത്സര പരീക്ഷകൾക്കും മറ്റും തിക്കിത്തിരക്കി യാത്ര ചെയ്യേണ്ടിവരുന്ന ഉദ്യോഗാർത്ഥികളുടെ ട്രയിനുകളിലെ കഷ്ടപ്പാടും വളരെ വലുതാണ്. കാസർകോട് ഉള്ളവർക്ക് തിരുവനന്തപുരത്തേക്ക് പോകാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റുകൾ റിസർവ് ചെയ്യേണ്ട അവസ്ഥയുണ്ട്. അതിനാൽ ടിക്കറ്റ് എടുക്കാൻ കഴിയാത്തവർ ജനറൽ കോച്ചുകളിലാണു യാത്ര ചെയ്യുന്നത്. ജനറൽ കോച്ചുകളിൽ കാലുകുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. അധികമായി ഒരു കോച്ച് അനുവദിച്ചതോടെ ദുരിത യാത്രയ്ക്ക് ഒരു പരിധിവരെ അറുതിയാകും എന്നാണ് യാത്രക്കാർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page