കാസര്‍കോട്: ബിവറേജസ് കോര്‍പ്പറേഷന്റെ നീലേശ്വരം-പാലായി റോഡിലെ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റില്‍ കവര്‍ച്ച നടത്തിയത് പ്രൊഫഷണല്‍ സംഘമെന്നു സൂചന. നീലേശ്വരം എസ്.ഐ ഇ. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്. കവര്‍ച്ചയ്ക്കു തെരഞ്ഞെടുത്ത രീതിയും സമയവും ആണ് ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്. ഒറ്റപ്പെട്ട സ്ഥലത്താണ് മദ്യഷോപ്പ് പ്രവര്‍ത്തിക്കുന്നത്. രാത്രി ഒരു മണിയോടെ ഏതോ വാഹനത്തില്‍ എത്തിയ സംഘം സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും ഡി.വി.ആറുകളില്‍ ഒന്ന് ഇളക്കിമാറ്റുകയും ചെയ്ത ശേഷമാണ് കവര്‍ച്ചാശ്രമം തുടങ്ങിയത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ചുമര്‍ കമ്പിപ്പാര ഉപയോഗിച്ച് തുരക്കുകയായിരുന്നു ആദ്യം. ചുമര്‍ പൂര്‍ണ്ണമായും തുരന്നപ്പോള്‍ മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന കാര്‍ട്ടൂണ്‍ ബോക്‌സുകള്‍ കണ്ടെത്തി. കാര്‍ഡ്‌ബോര്‍ഡ് പെട്ടി കീറിയ ഉടനെ ദ്വാരത്തിലൂടെ മദ്യക്കുപ്പികള്‍ പുറത്തേക്കു വീണു. ചുമരിനോട് ചേര്‍ന്നുള്ള ആദ്യത്തെ കാര്‍ട്ടൂണ്‍ ബോക്‌സ് നീക്കിയപ്പോഴാണ് ചുമരിനോട് ചേര്‍ന്ന് മദ്യകുപ്പികള്‍ നിറച്ച പെട്ടി ഉണ്ടെന്ന കാര്യം മോഷ്ടാക്കള്‍ക്ക് ബോധ്യമായതെന്നു സംശയിക്കുന്നു. ഇതോടെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടക്കാന്‍ മോഷ്ടാക്കള്‍ ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. മോഷ്ടാക്കള്‍ അകത്തു കടന്നുവെങ്കിലും ബുധനാഴ്ചത്തെ കളക്ഷന്‍ തുകയായ പത്തുലക്ഷത്തില്‍പ്പരം രൂപ സൂക്ഷിച്ചിരുന്ന ലോക്കര്‍ കണ്ടെത്താന്‍ കഴിയാത്തതാണ് വലിയ നഷ്ടം ഒഴിവാക്കിയത്. തുടര്‍ന്നായിരിക്കണം പതിനായിരത്തില്‍പ്പരം രൂപയുടെ നാണയങ്ങള്‍ സൂക്ഷിച്ചിരുന്ന ചാക്കുമായി കവര്‍ച്ചാസംഘം രക്ഷപ്പെട്ടതെന്നു സംശയിക്കുന്നു.
വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതോളം വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. കവര്‍ച്ചാ സംഘത്തില്‍ മൂന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
