കാസർകോട്: ചീമേനി ഐ ടി പാർക്കിന് സമീപം ഇന്നോവ കാറും ബൈക്കും കൂട്ടിയടിച്ച് യുവാവിനു ദാരുണാന്ത്യം. തിമിരി കുതിരുംചാൽ സ്വദേശി എം എ രാജേഷ്(45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചീമേനി കാങ്കോൽ റോഡിൽ ഐടി പാർക്കിന് സമീപം തോട്ടുവാളിയിൽ ആണ് അപകടം. രാജേഷ് സഞ്ചരിച്ച ബൈക്ക് കാങ്കോലിൽ നിന്ന് ചീമേനിലേക്ക് വരികയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ രാജേഷിനെ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരേതരായ എം.എ. കേശവന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ശ്രീകുമാരി. സഹോദരങ്ങൾ: എം.എ. ശ്യാമള (അരവഞ്ചാൽ), എം.എ. കരുണൻ (തിമിരി), എം.എ. ഗൗരി(എരുവശേരി), എം.എ. പ്രേമ (തിമിരി), എം.എ. രാജീവൻ (തിമിരി).